ChuttuvattomThodupuzha

കാലാവസ്ഥാ വ്യതിയാനം : ജില്ലയില്‍ മണ്‍സൂണ്‍ ടൂറിസം പ്രതിസന്ധിയില്‍

തൊടുപുഴ : മഴക്കാലത്ത് ഇടുക്കിയുടെ സൗന്ദര്യവും കാലാവസ്ഥയും ആസ്വദിക്കാന്‍ ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്തിയിരുന്ന മണ്‍സൂണ്‍ ടൂറിസം സീസണ്‍ പ്രതിസന്ധിയില്‍. നിറഞ്ഞുകവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പ്രകൃതി ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളും കോടമഞ്ഞും തണുപ്പും ആസ്വദിക്കാന്‍ മണ്‍സൂണ്‍ കാലത്ത് ജില്ലയിലേയ്ക്ക് നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. ജൂണ്‍ മുതല്‍ തുടങ്ങുന്ന മണ്‍സൂണ്‍ കാലം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേ എന്നിവര്‍ക്കെല്ലാം ചാകരക്കാലമാണ്. എന്നാല്‍ ഇത്തവണ പതിവായി ലഭിച്ചിരുന്ന മഴയില്‍ ഉണ്ടായിരിക്കുന്ന കുറവാണ് പ്രധാന പ്രതിസന്ധി. മഴ ശക്തമാകുന്നതോടെ ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന നിയന്ത്രണങ്ങളും മണ്‍സൂണ്‍ ടൂറിസത്തിനു തിരിച്ചടിയായി മാറുന്നുണ്ട്.

മണ്‍സൂണ്‍ ടൂറിസം ഇത്തവണ കൂടുല്‍ സജീവമാകുന്നതിനുള്ള സാഹചര്യങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. ഉത്തരന്ത്യേയില്‍ ഉഷ്ണതരംഗം കടുത്ത സാഹചര്യത്തില്‍ അവിടെനിന്നും നിരവധി സഞ്ചാരികള്‍ അതിര്‍ത്തി കടന്ന് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഇത്തവണ സഞ്ചാരികളുടെ വരവുണ്ടായിട്ടില്ലെന്ന് റിസോര്‍ട്ട് ഉടമകളും മറ്റും പറയുന്നു. പല റിസോര്‍ട്ടുകളും മണ്‍സൂണ്‍കാലത്ത് പ്രത്യേക പാക്കേജ് ഒരുക്കിയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മൂന്നാറിലും വാഗമണ്ണിലുമാണ് മണ്‍സൂണ്‍ കാലത്ത് ഏറെ സന്ദര്‍ശകരെത്തുന്നത്. വെള്ളച്ചാട്ടങ്ങളും പച്ച പുതച്ചു നില്‍ക്കുന്ന പുല്‍മേടുകളും തേയിലത്തോട്ടങ്ങളും ഒക്കെയാണ് മണ്‍സൂണ്‍ കാലത്ത് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ചീയപ്പാറ, വാളറ, പെരിങ്ങല്‍കുത്ത്, തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത്, വളഞ്ഞങ്ങാനം, തൂവല്‍, നയമക്കാട്, കീഴാര്‍കുത്ത്, പാണ്ടിക്കുഴി, അരുവിക്കുഴി തുടങ്ങി ജില്ലയിലെ വെള്ളച്ചാട്ടങ്ങെല്ലാം മഴക്കാലത്ത് ജലസമൃദ്ധമാകാറുണ്ട്.

കൊടും ചൂടുമൂലം വരണ്ടുണങ്ങിയിരുന്ന വെള്ളച്ചാട്ടങ്ങള്‍ക്ക് കഴിഞ്ഞ മാസം ലഭിച്ച വേനല്‍ മഴയോടെ ജീവന്‍വച്ചു. എങ്കിലും പതിവു പോലെ സന്ദര്‍ശകരുടെ കാര്യമായ ഒഴുക്ക് പലയിടങ്ങളിലും ഉണ്ടായിട്ടില്ല. കാലവര്‍ഷം ശക്തിപ്പെടാത്തതിനാല്‍ പലയിടത്തും നീരൊഴുക്ക് കുറഞ്ഞിട്ടുമുണ്ട്. കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയുടെ ആരംഭത്തോടെ അപകട സാധ്യത മുന്നില്‍ക്കണ്ട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിരോധനവും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവു കുറയ്ക്കുന്നുണ്ട്. മണ്‍സൂണ്‍ ടൂറിസം കണക്കിലെടുത്ത് മൂന്നാറില്‍ പ്രദേശിക ക്ലബുകളുടെ സഹകരണത്തോടെ മണ്‍സൂണ്‍ ഫുട്‌ബോള്‍ മത്സരം, രാമക്കല്‍മേട്ടില്‍ മഴ നടത്തം, വാഗമണ്ണില്‍ മണ്‍സൂണ്‍ മ്യൂസിക് എന്നീ പരിപാടികള്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ ഡിടിപിസി കാലവര്‍ഷ സമയത്ത് ഇത്തരം വിനോദോപാധികള്‍ കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ല.

വെള്ളച്ചാട്ടങ്ങളില്‍ ജാഗ്രത വേണം മഴക്കാലത്ത് വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്‌പോള്‍ സഞ്ചാരികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതരുടെ നിര്‍ദേശമുണ്ട്. പലപ്പോഴും മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളില്‍ അപകടം പതിവാണ്. ഇതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതരെ നിര്‍ബന്ധിതമാക്കുന്നു. മഴയുള്ള സമയത്ത് വെള്ളച്ചാട്ടത്തിന് സമീപത്തെ പാറകളില്‍ വഴുക്കല്‍ ഉണ്ടാകും. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. നീന്തല്‍ വശമില്ലാത്തവരടക്കം ഇത്തരം സ്ഥലങ്ങളില്‍ പോകുന്നതും അപകടത്തിന്റെ തോത് കൂട്ടും.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി സഞ്ചാരികള്‍ എത്തുന്ന ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതും പ്രതിസന്ധിയാണ്. വാഗമണ്‍ ചില്ലുപാലം അടച്ചു വാഗമണ്ണിലെ പ്രധാന ആകര്‍ഷണമായ ചില്ലുപാലം കഴിഞ്ഞ ഒന്നു മുതല്‍ അടച്ചിരിക്കുന്നതും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവു കുറയ്ക്കുന്നതിനു കാരണമായി. വാഗമണ്ണിലെ ചില്ലുപാലം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തതോടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക് മാറിയിരുന്നു. ദിവസേന 1200 പേരാണ് ചില്ലുപാലം സന്ദര്‍ശിക്കുന്നത്. അഡ്വഞ്ചര്‍പാര്‍ക്കില്‍ ദിവസേന 5000 ത്തോളം പേരും സന്ദര്‍ശിച്ചിരുന്നു. പ്രധാന സീസണുകളില്‍ സന്ദര്‍ശകരുടെ എണ്ണം ഇതിലുമേറെയാകും. എന്നാല്‍ ചില്ലുപാലം അടച്ചതോടെ അഡ്വഞ്ചര്‍ പാര്‍ക്കിലെ സഞ്ചാരികളുടെ എണ്ണം 1500 ഓളമായി കുറഞ്ഞു. വര്‍ക്കല ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് വാഗമണ്ണിലെ ചില്ലുപാലവും അടയ്ക്കാന്‍ ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ വാഗമണ്‍ ചില്ലുപാലത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും സന്ദര്‍ശകര്‍ക്കായി തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ടൂറിസം വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!