Thodupuzha

വീട്ടു മുറ്റത്തിരുന്ന ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചതായി പരാതി

കരിമണ്ണൂര്‍: വീട്ട് മുറ്റത്തിരുന്ന ബൈക്ക് രാത്രിയുടെ മറവില്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതായി പരാതി. കുറുമ്പാലമറ്റം മാണിക്കുന്നേല്‍ പീടിക വട്ടക്കുടിയില്‍ ജോമോന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ശനിയാഴ്ച രാത്രി വീട്ട് മുറ്റത്ത് നിന്നും കടത്തിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. വാര്‍ഡ് മെമ്പറായ വിജി ജോമോന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.

താക്കോല്‍ ഇല്ലാതിരുന്നതിനാല്‍ ബൈക്ക് തള്ളിമാറ്റി വണ്ടമറ്റം റോഡില്‍ എത്തിച്ച് സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ശ്രമം വിഫലമായതോടെ മോഷ്ടാക്കള്‍ ബൈക്കിന്റെ ഇലക്ട്രിക്ക് വയറുകളും പെട്രോള്‍ ടാങ്കിലേക്കുള്ള ഹോസുകളും മുറിച്ചിട്ട് റോഡില്‍ ഉപേക്ഷിച്ച് കടന്നു. വീട്ടുമുറ്റത്ത് രാവിലെ ബൈക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ അന്വേഷിച്ചെത്തിയപ്പോഴാണ് ബൈക്ക് നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പെട്രോള്‍ ഊറ്റിയ നിലയിലായിരുന്നു. പരിശോധിച്ചപ്പോള്‍ ബൈക്കിന്റെ കാര്‍ബറേറ്ററും സെന്‍സര്‍ വയറുകളും നശിപ്പിച്ചതായും കണ്ടെത്തി. തിരികെ ബൈക്ക് തള്ളി വീട്ടിലെത്തിച്ചപ്പോള്‍ വീടിന്റെ വരാന്തയില്‍ പെട്രോള്‍ കുപ്പിയിലാക്കി വെച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തുകയും ചെയ്തു. രാത്രി 2 മണിക്ക് ശേഷമാണ് മോഷണം ശ്രമം നടന്നതെന്നാണ് സംശയം. ഇതുസംബന്ധിച്ച് കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശവാസിയുടെ സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളും പരിശോധിക്കും. പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ വാര്‍ഡ് മെമ്പര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതാണ്. രാത്രി സമയങ്ങളില്‍ അപരിചതരായിട്ടുള്ള ആളുകളും വാഹനങ്ങളും വന്ന് പോകുന്നതായി നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!