Local LiveMoolammattam

വിദ്യാര്‍ത്ഥി കണ്‍സഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായെന്ന് പരാതി

മൂലമറ്റം : കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായെന്ന് പരാതി. കഴിഞ്ഞ വര്‍ഷം വരെ കണ്‍സഷന്‍ കാര്‍ഡിനുള്ള അപേക്ഷ തൊടുപുഴ ഡിപ്പോയില്‍ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇത്തവണ മുതല്‍ കണ്‍സഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനാക്കിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റിയത്. അക്ഷയ കേന്ദ്രങ്ങളിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷ സ്‌കൂളുകളിലേക്ക് കൊടുത്തുവിടുകയും സ്‌കൂളുകളില്‍ നല്‍കുമ്പോള്‍ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്‌കൂളില്‍ അപേക്ഷകള്‍ നല്‍കേണ്ടാ
യെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഡിപ്പോയില്‍ നിന്നും യാതൊരു അറിയിപ്പുകളും ലഭിച്ചട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരും അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും പറയുന്നത്.

ഇടാട്, ഇലപ്പള്ളി, പതിപ്പള്ളി തുടങ്ങിയ ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് എത്താനുള്ള ഏകാശ്രയം കെഎസ്ആര്‍ടിസി ബസുകളാണ്. പ്രദേശത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്ങിലും സ്‌കൂള്‍ സമയത്ത് സര്‍വ്വീസ് ഇല്ല.
അതിനാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ഫുള്‍ ടിക്കറ്റ് നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുന്നതും തിരികെ വരുന്നതും. സാധാരണക്കാര്‍ മാത്രം അധിവസിക്കുന്ന ഇടാട്, ഇലപ്പള്ളി, പതിപ്പള്ളി മേഖലയില്‍ വലിയ തുക ബസ്‌കൂലി കൊടുത്ത് കുട്ടികളെ സ്‌കൂളില്‍ വിടുകയെന്നത് ബുദ്ധിമുട്ടാണെന്ന് രക്ഷിതാക്കളും പറയുന്നു. കെഎസ്ആര്‍ടിസിയുടെ നിരുത്തരവാദിത്യപരമായ സമീപനം മൂലം നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ദുരിതമനുഭവിക്കുന്നത്. വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും അധികൃതര്‍ മൗനം പാലിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഗണനയാണ്. ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളുടെ കണ്‍സക്ഷന്‍ കാര്‍ഡ് എത്രയും വേഗം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.

 

 

Related Articles

Back to top button
error: Content is protected !!