ChuttuvattomThodupuzha

ചെയര്‍മാന്‍ രാജിവയ്ക്കാതെ കൗണ്‍സില്‍ യോഗം ചേരാന്‍ അനുവദിക്കില്ല : യുഡിഎഫ്

തൊടുപുഴ : കൈക്കൂലിക്കാരനായ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ രാജിവെക്കും വരെ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം ചേരാന്‍ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്ന് നഗരസഭയിലെ പ്രതിപക്ഷ കക്ഷി നേതാക്കളായ അഡ്വ. ജോസഫ് ജോണ്‍, കെ ദീപക്, എം എ കരീം എന്നിവര്‍ പ്രസ്താവിച്ചു. കൈക്കൂലി കേസില്‍ പിടിയിലായ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കോഴ നല്‍കുന്ന കാര്യം ചെയര്‍മാന് അറിയാമായിരുന്നു എന്നത് തന്നെ ഗുരുതരമായ വിഷയമാണ്. കോഴ നല്‍കാന്‍ ചെയര്‍മാന്‍ പരാതിക്കാരന് നിര്‍ദ്ദേശം നല്‍കിയെന്ന് അദ്ദേഹം തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. തന്റെ കീഴിലുള്ള ഒരു പ്രധാന ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനാണെന്ന് അറിയാമെന്നും അദ്ദേഹം മാധ്യമ പ്രസ്താവന നടത്തിയിരിക്കുന്നു. അറിയാമായിരുന്ന അഴിമതി തടയാന്‍ ചെയര്‍മാന്‍ ചെറുവിരല്‍ അനക്കാതെ കോഴ നല്‍കാന്‍ പരാതിക്കാരനെ പ്രേരിപ്പിച്ചത് നേരിട്ട് കൈക്കൂലി വാങ്ങുന്നതിലും ഗുരുതരമായ കുറ്റകൃത്യമാണ്.

കോഴപ്പണത്തിന്റെ പങ്ക് പറ്റുന്ന ഇടപാടാണ് ചെയര്‍മാന്‍ സ്വീകരിച്ചു വരുന്നത്. അതുകൊണ്ടാണ് അഴിമതി തടയാന്‍ നടപടി സ്വീകരിക്കാന്‍ വൈമുഖ്യം കാണിച്ചത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ നേരിട്ട് കൈക്കൂലി വാങ്ങിയ നിരവധി കേസുകള്‍ പുറത്തായി കൊണ്ടിരിക്കുകയാണ്. വ്യാപകമായ അഴിമതിയാണ് നഗരസഭയില്‍ നടന്നത്. അഴിമതി പണത്തിന്റെ പങ്ക് പറ്റുന്നതുകൊണ്ട് അഴിമതിക്കാരായ നഗരസഭ ജീവനക്കാരുടെ മേല്‍ ചെയര്‍മാന് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലായിരുന്നു. നഗരസഭയുടെ നന്മയെ കരുതി ചെയര്‍മാന്‍ തുടരുന്നിടത്തോളം കാലം കൗണ്‍സില്‍ ചേരാന്‍ അനുവദിക്കുന്നത് നഗരത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായി മാറും. അതിനാലാണ് യുഡിഎഫ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!