ChuttuvattomThodupuzha

കൂറുമാറ്റക്കാര്‍ തൊടുപുഴയുടെ വികസനം സ്തംഭിപ്പിച്ചു: യുഡിഎഫ്

തൊടുപുഴ: കൂറുമാറ്റക്കാര്‍ തൊടുപുഴയുടെ വികസനം സ്തംഭിപ്പിച്ചെന്ന് യുഡിഎഫ് ആരോപണം.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജനവിധി അട്ടിമറിച്ച് കൂറുമാറ്റക്കാരുടെ പിന്തുണയോടെ അധികാരത്തിലെത്തിയ എല്‍ഡിഎഫ് കൗണ്‍സില്‍ തൊടുപുഴയുടെ വികസനം സ്തംഭിപ്പിച്ചതായി യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ. ജോസഫ് ജോണ്‍, കെ ദീപക്, എം.എ കരീം എന്നിവര്‍ ആരോപിച്ചു.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശേഷം ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്റെ ദിവസം സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ എല്‍ഡിഎഫിലേക്ക് കൂറ് മാറിയ ജെസി ജോണിയുടെ നിലപാടാണ് ചെയര്‍മാനായി സനീഷ് ജോര്‍ജിനെ വിജയിപ്പിക്കാനുള്ള അവസരം ഉണ്ടാക്കിയത്. പകരം ജെസി ജോണിയെ എല്‍ഡിഎഫ് വൈസ് ചെയര്‍പേഴ്സണ്‍ ആക്കുകയും ചെയ്തു.
കഴിഞ്ഞ 3 വര്‍ഷമായി തൊടുപുഴയില്‍ ഒരു വികസന പദ്ധതി പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഇനിയും തുറന്നു കൊടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നാളിതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. തൊടുപുഴ നഗരത്തിലെ മാലിന്യ നീക്കം പൂര്‍ണമായും നിര്‍ത്തലാക്കി. സര്‍ക്കാരില്‍ നിന്ന് പുതിയ പദ്ധതികള്‍ ഒന്നും നേടിയെടുക്കാന്‍ നഗരസഭയ്ക്ക് കഴിയാതെ പോയി. ജനകീയ ആസൂത്രണ പദ്ധതിയില്‍ വര്‍ഷംതോറും ലഭിക്കുന്ന ഫണ്ട് ചെലവഴിക്കാതെ ലാപ്സ് ആക്കിയതിനാല്‍ പിറ്റേ വര്‍ഷം ലഭിക്കുന്ന തുക ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് 22 ലക്ഷം രൂപ വാര്‍ഡ് ഫണ്ട് ആയി ലഭിച്ച സ്ഥാനത്ത് ഈ വര്‍ഷം 6 ലക്ഷം രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കെടുകാര്യസ്ഥതയുടെ അഴിമതിയുടെയും കൂത്തരങ്ങായി തൊടുപുഴ നഗരസഭാ ഭരണം മാറിയതായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

 

 

Related Articles

Back to top button
error: Content is protected !!