Thodupuzha

ഭിന്നശേഷി ധനസഹായം:  സര്‍ക്കാര്‍ ഉത്തരവ് തൊടുപുഴ നഗരസഭയില്‍ ലഭിക്കുന്നില്ല

 

 

തൊടുപുഴ: ശാരീക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അവരുടെ കുടുംബത്തിനും ആശ്വാസമാകേണ്ട ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി. തൊടുപുഴ നഗരസഭയിലാണ് ഭിന്നശേഷിക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ അനുകൂല്യം വിതരണം ചെയ്യുന്നില്ലെന്ന് പരാതി ഉയര്‍ന്നത്. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ക്ക് കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ധനസാഹയമെന്ന നിലയില്‍ മുഴുവന്‍ സാമ്പത്തിക ആനുകൂല്യങ്ങളും മുടക്കമില്ലാതെ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഈ അവഗണന. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ ഇനങ്ങളിലായി വര്‍ഷം 28500 രൂപാ വരെയുള്ള ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്.തൊടുപുഴ നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ 159 പേരാണ് ഭിന്നശേഷിക്കാര്‍ക്കുള്ള അനുകൂല്യത്തിന് അര്‍ഹരായിട്ടുള്ളത്. കഴിഞ്ഞ പത്ത് മാസമായി ധനസഹായത്തിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണിവര്‍. ഭിന്നശേഷിക്കാര്‍ക്കുള്ള ധനസഹായം നല്‍കുന്നതിനായി 31 ലക്ഷം രൂപയുടെ പദ്ധതിക്ക് നഗരസഭാ ഭരണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ട് മാസങ്ങളായി. എന്നാല്‍ ബന്ധപ്പെട്ട സെക്ഷനിലെ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ധനസഹായ വിതരണം വൈകുന്നതായാണ് ഗുണഫോക്താക്കളും അവരുടെ കുടുംബാംഗങ്ങളും നല്‍കിയ പരാതിയില്‍ പറയുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ഭിന്നശേഷിക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രത്യേക സാഹചര്യവും മുന്‍നിര്‍ത്തി മൂന്നും നാലും ഗഡുക്കളായി തുക നല്‍കിയിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ധനസഹായമാണ് ഇതുവരെ വിതരണം ചെയ്യാത്തത്. കോവിഡ് പശ്ചാത്തലത്തിലും ധനസഹായത്തിന് മുടക്കം വരാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജനുവരി മാസത്തില്‍ തന്നെ ഉത്തരവിറക്കിയിരുന്നു. സ്‌കൂളുകള്‍ അടഞ്ഞുകിടന്നിരുന്ന സാഹചര്യമാണെങ്കില്‍ പോലും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ബത്ത, സ്‌കോളര്‍ഷിപ്പ്, ടി.എ എന്നീ ഇനങ്ങളില്‍ നിലവില്‍ നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ പ്രത്യേക ധനസഹായമെന്ന നിലയില്‍ അനുവദിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ക്ലാസില്ലെങ്കിലും കുട്ടികള്‍ സ്ഥിരമായി വീടുകളിലുള്ളതിനാല്‍ രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോലും പോകാന്‍ കഴിയാത്ത സാഹചര്യം ഉള്‍പ്പെടെ പരിഗണിച്ചായിരുന്നു ഈ ഉത്തരവ്.

സമീപ ഗ്രാമ പഞ്ചായത്തുകളിലെല്ലാം ഗഡുക്കളായി ധനസഹായം നല്‍കുന്നുണ്ട്. എന്നാല്‍ തൊടുപുഴ നഗരസഭയിലെ 159 ഗുണേഫോക്താക്കളായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനും മുടക്കം കൂടാതെ ചെയ്യേണ്ട ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സാ ചിലവിനുമായി രക്ഷിതാക്കള്‍ നെട്ടോട്ടമോടുകയാണ്. പദ്ധതിയുണ്ടായിട്ടും പണമുണ്ടായിട്ടും കരുണ വറ്റിയ ഉദ്യോഗസ്ഥരുടെയും അവരെ നിയന്ത്രിക്കാന്‍ കഴിയാത്ത നഗരസഭാ ഭരണ സമിതിയുടെയും നിലപാടുമൂലം സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കുമ്പോഴും ഭിന്നശേഷിക്കാരായ ഗുണഫോക്താക്കള്‍ ഇപ്പോഴും അപേക്ഷയുമായി കാത്തിരിക്കുകയാണ്. സംഭവത്തില്‍ വകുപ്പു മന്ത്രിക്കും, ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുന്നതോടൊപ്പം മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനുമുള്ള ആലോചനയിലാണ് പ്രതിസന്ധിയിലായ 159 കുടുംബങ്ങള്‍.

Related Articles

Back to top button
error: Content is protected !!