Local LiveMoolammattam

ടൂറിസത്തില്‍ അനന്തസാധ്യത : വകുപ്പുകള്‍ കൈകോര്‍ത്താല്‍ മൂലമറ്റത്തിന്റെ മുഖച്ഛായ മാറും

മൂലമറ്റം : ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ പവര്‍ഹൗസ് സ്ഥിതി ചെയ്യുന്ന മൂലമറ്റത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂലമറ്റം ടൗണിനോടു ചേര്‍ന്നുള്ള തേക്ക് പ്ലാന്റേഷന്‍ ഉള്‍പ്പെടുന്ന ചെറിയ വനമേഖലയും കനാലിന്റെ ഇരു വശങ്ങളും പുഴയോരവും ചേര്‍ന്ന ഭാഗത്ത് വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്ക് സ്ഥാപിച്ച് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. വിനോദസഞ്ചാര വകുപ്പും അറക്കുളം പഞ്ചായത്തും വൈദ്യുതി ബോര്‍ഡും ചേര്‍ന്നുള്ള സംയുക്ത പദ്ധതി നടപ്പാക്കിയാല്‍ ഇവിടം സഞ്ചാരികളുടെ ഇഷ്ടഭൂമിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇടുക്കി, വാഗമണ്‍ , തേക്കടി മേഖലകളിലേക്കുള്ള യാത്രക്കാരുടെ ഇടത്താവളമെന്ന നിലയ്ക്കാണ് മൂലമറ്റത്തിന്റെ പ്രാധാന്യം. മൂലമറ്റം – ആശ്രമം ,മൂലമറ്റം – പുള്ളിക്കാനം-കോട്ടമല, മൂലമറ്റം – പതിപ്പള്ളി -ആശ്രമം റോഡുകള്‍ മികച്ച നിലവാരത്തില്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ വാഗമണ്‍ , തേക്കടി, പീരുമേട്, പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്ര മൂലമറ്റംവഴിയാകും. അതിനാല്‍ ഇവിടെ വിനോദസഞ്ചാരികള്‍ക്ക് വിശ്രമത്തിനും വിനോദത്തിനും വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കിയാല്‍ വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും.

ഇതുവഴി പോകുന്ന സഞ്ചാരികള്‍ക്ക് ത്രിവേണി സംഗമവും എകെജി കോളനിക്ക് അടുത്തുള്ള തൂക്കുപാലവും ആശ്രമം മലനിരകള്‍ ഉള്‍പ്പെടുന്ന പുല്‍മേടുകളും കണ്ടു പോകാനുള്ള വഴി ഒരുങ്ങും. തേക്കിന്‍ കൂപ്പിനു സമീപം കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, വിവിധ റൈഡുകള്‍, ഫൗണ്ടന്‍, അക്വേറിയം, കുതിര സവാരി, സൈക്കിള്‍ സവാരി, ഏറുമാടം, സഞ്ചാരികള്‍ക്കായി വിശ്രമ കേന്ദ്രം, ടോയ്ലറ്റുകള്‍ എന്നിവ സജ്ജമാക്കിയാല്‍ ഇവിടെ വിനോദ സഞ്ചാരികള്‍ കുടുംബത്തോടെ എത്താനുള്ള സാഹചര്യമൊരുങ്ങും. കൂടാതെ വനംവകുപ്പിന്റെ മ്യൂസിയം ഉള്‍പ്പെടെയുള്ള പദ്ധതികളും നടപ്പാക്കാം. കാഴ്ചക്കാര്‍ക്കായി പവര്‍ ഹൗസിന്റെ മോഡല്‍ പവര്‍ ഹൗസ് റൂമും തുറന്നു കൊടുക്കാനാകും. ഇത്തരം പദ്ധതികള്‍ നടപ്പാക്കിയാല്‍ മൂലമറ്റത്തിന്റെ വികസനത്തിനും അറക്കുളം പഞ്ചയത്തിന്റെ വരുമാന വര്‍ധനവിനും തൊഴില്‍ സാധ്യത വര്‍ധിക്കാനും പ്രദേശവാസികള്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്താനും സഹായകരമാകും.

 

Related Articles

Back to top button
error: Content is protected !!