ChuttuvattomThodupuzha

ഉദ്ഘാടനം കഴിഞ്ഞിട്ട് നാലാം വര്‍ഷത്തിലേക്ക്; ഇനിയും തുറന്ന് നല്‍കാതെ മങ്ങാട്ട്കവല ഷോപ്പിംഗ് കോംപ്ലക്സ്

തൊടുപുഴ: ഉദ്ഘാടനം കഴിഞ്ഞ് നാല് വര്‍ഷമാകാറായിട്ടും മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം ഇനിയും ജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടില്ല.
ഇത്തവണത്തെ നഗരസഭാ ബജറ്റിലും മങ്ങാട്ട് കവല ഷോപ്പിംഗ് കോംപ്ലക്‌സിന് അവഗണനയെന്ന് ആരോപണം ശക്തമായി. 20 ലക്ഷം രൂപാ മാത്രമാണ് മങ്ങാട്ട്കവല ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പൂര്‍ത്തീകരണത്തിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇത് അപര്യാപ്തമാണെന്നാണ് ആരോപണം. എന്നാല്‍ ബജറ്റിലെ തുക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മാത്രമാണെന്നും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നും നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു.

2018 ലാണ് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം തുടങ്ങിയത്. നഗരസഭയുടെ തനത് വരുമാന വര്‍ധന, മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിന്റെ വികസനം തുടങ്ങിയവയായിരുന്നു ലക്ഷ്യം. 2019ല്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി 2020ല്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും നടത്തി. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇനിയും പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞില്ല. അഗ്നി രക്ഷാ സേനയുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി), ലിഫ്റ്റ്, മുറ്റത്ത് ടൈല്‍ വിരിക്കല്‍, ഓടയ്ക്ക് മുകളിലെ സ്ലാബ് ഇടല്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ എന്നിവയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. മൂന്ന് നിലകളിലായി 42 മുറികളാണ് കെട്ടിടത്തിലുള്ളത്. ഇതില്‍ താഴെ പത്തും മുകളില്‍ പതിനഞ്ചോളം മുറികളും മാത്രമാണ് വാടകയ്ക്ക് പോയത്. തൊടുപുഴയിലും പരിസരങ്ങളിലുമുള്ള നിരവധിയാളുകള്‍ മുറികള്‍ വാടകക്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും അമിത വാടകയും കാരണം ലേലത്തിനും മറ്റും വളരെ ചുരുക്കം ചിലര്‍ മാത്രമാണ് പങ്കെടുത്തത്.

ഉടന്‍ തുറന്ന് നല്‍കാനാവുമെന്ന് ചെയര്‍മാന്‍

ഷോപ്പിംഗ് കോംപ്ലക്‌സ് ഉടന്‍ തുറന്ന് കൊടുക്കാനാവുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു. ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന 20 ലക്ഷം രൂപാ ഷോപ്പിംഗ് കോംപ്ലക്‌സിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി മാത്രമാണ്. റൂമുകളില്‍ ചിലത് ഓഫീസുകളായും മറ്റും തിരിക്കുമ്പോള്‍ ശുചിമുറിയുള്‍പ്പെടെയുള്ളവ സജ്ജീകരിക്കാനും അനുബന്ധമായ മറ്റ് ചെറിയ നിര്‍മ്മാണങ്ങള്‍ ചെയ്യുന്നതിനുമാണ് ബജറ്റിലെ തുക വിനിയോഗിക്കുക. നിലവില്‍ മുറ്റത്ത് ടൈല്‍ നിരത്തുന്ന ജോലികളും ബൈപാസില്‍ നിന്ന് കോംപ്ലക്‌സിലേക്ക് പ്രവേശിക്കുന്നിടത്തുള്ള ഓടയുടെ മുകളില്‍ സ്ലാബ് സ്ഥാപിക്കുന്ന ജോലികളും ധ്രുത ഗതിയില്‍ നടന്ന് വരികയാണ്. ഇതിനായി 90 ലക്ഷം രൂപായുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. കരിമണ്ണൂര്‍ സ്വദേശിയായ കരാറുകാരനാണ് ജോലി ചെയ്യുന്നത്. ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള സാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കുന്നതോടെ അഗ്നിരക്ഷാസേനയുടെ എന്‍.ഒ.സി ലഭ്യമാകും.
മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് ബാക്കിയുള്ള മുറികളുടെ ലേല നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്നും ചെയര്‍മാന്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!