ChuttuvattomThodupuzha

ഇല്ലിചാരിയില്‍ പുല്‍മേടിനു തീ പിടിച്ചു; 20 ഏക്കര്‍ നശിച്ചു

തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയില്‍ പുല്‍മേടിന് തീ പിടിച്ച് 20 ഏക്കറോളം സ്ഥലം കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീ പടര്‍ന്നു പിടിച്ചത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ അഗ്‌നി രക്ഷാസേന സമീപത്തെ കൃഷിയിടങ്ങളിലേക്കു തീ പടരാതെ നിയന്ത്രിച്ചു. റബര്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ സമീപത്തുണ്ടായിരുന്നെങ്കിലും ഇവിടേയ്ക്ക് തീ പടരാതിരുന്നതിനാല്‍ നാശ നഷ്ടമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് വാഹനം എത്തിക്കാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ തല്ലിക്കെടുത്തുകയായിരുന്നു. ഇതിനു പിന്നാലെ വെങ്ങല്ലൂര്‍ -കോലാനി ബൈപാസിലും കുറ്റിക്കാടിനു തീ പിടിച്ചു. ചായപ്രേമി എന്ന കടയ്ക്ക് സമീപമാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് സംഘം എത്തി ഇതും നിയന്ത്രണ വിധേയമാക്കി. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലായിരുന്നു തീ കെടുത്തിയത്.

പലപ്പോഴും പ്രദേശവാസികള്‍ തന്നെ പുല്‍മേടുകള്‍ക്കും മറ്റും തീയിട്ടതിനു ശേഷം നിയന്ത്രണാതീതമാകുന്‌പോള്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുന്ന പതിവുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതു കൂടാതെ വൈദ്യുതി ലൈനുകള്‍ കൂട്ടിമുട്ടുന്നതും അലക്ഷ്യമായി സിഗരറ്റു കുറ്റികളും മറ്റും വലിച്ചെറിയുന്നതും വലിയ അഗ്‌നിബാധക്കിടയാക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സ് വാഹനം കടന്നു ചെല്ലാത്ത ഇടങ്ങളിലാണ് ഇത്തരം അഗ്‌നി ബാധയുണ്ടാകുന്നത്. അതിനാല്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ ഏറെ പണിപ്പെട്ടാണ് തീ പിടിത്തങ്ങളെ പ്രതിരോധിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!