ChuttuvattomThodupuzha

സുരക്ഷിത യാത്ര നടത്താം ഹൈറേഞ്ചിലേക്ക് ; മാര്‍ഗ നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

തൊടുപുഴ : അവധിക്കാലം ആഘോഷിക്കാന്‍ കുടുംബവുമൊത്ത് ഹൈറേഞ്ചിലേക്ക് എത്തുന്നവര്‍ക്കായി സുരക്ഷിത യാത്രയ്ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഹൈറേഞ്ച് മേഖലയിലേയ്ക്ക് എത്തുന്ന വിനോദ യാത്രാ സംഘങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് ഗാട്ട് റോഡുകളിലും മറ്റും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ മുന്നറിയിപ്പ് നല്‍കുന്നത്.

നഗരങ്ങളിലെയും നിരന്ന പ്രദേശങ്ങളിലെയും റോഡുകളില്‍ വാഹനമോടിച്ച് ശീലിച്ചവര്‍ അതേ ശൈലിയില്‍ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. കുത്തനെയുള്ള കയറ്റവും ഇറക്കവും തീവ്രതയേറിയ വളവുകളുമുള്ള റോഡുകളില്‍ സൈറ്റ് ഡിസ്റ്റന്‍സ് കുറവായിരിക്കും. ഇത് ഡ്രൈവര്‍മാര്‍ മനസിലാക്കാതെ പോകുന്നതും അപകടത്തിനിടയാക്കും.

കാണാന്‍ കഴിയുന്ന റോഡിന്റെ ദൂരക്കാഴ്ച എന്നതാണ് സൈറ്റ് ഡിസ്റ്റന്‍സ് എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. സൈറ്റ് ഡിസ്റ്റന്‍സ് കുറഞ്ഞ റോഡുകള്‍ ഡ്രൈവര്‍ക്ക് പരിചയമില്ലാത്തതാണെങ്കില്‍ അപകടസാധ്യത വളരെ കൂടുതലാണ്. ഹില്‍സ്റ്റേഷന്‍ റോഡുകളില്‍ സൈറ്റ് ഡിസ്റ്റന്‍സ് വളരെ കുറവായിരിക്കും. ഇത്തരം റോഡുകളില്‍ മുന്നിലെ വളവിന്റെയോ ഇറക്കത്തിന്റെയോ തീവ്രത അറിയാന്‍ കഴിയില്ല. എതിര്‍വശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയില്ല. മുന്നിലെ തടസങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയില്ല.

ശ്രദ്ധയോടെ ഡ്രൈവിംഗ്

മുന്നില്‍ ഒരു അപകടം ഉണ്ടാകാം എന്ന മുന്‍വിധിയോടെ തന്നെ ശരിയായ ഗിയറില്‍ വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക. ഗിയര്‍ ഡൗണ്‍ ചെയ്യാതെ തുടര്‍ച്ചയായി ബ്രേക്ക് അമര്‍ത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിന്റെ പ്രവര്‍ത്തനക്ഷമത കുറക്കും. ആവശ്യമെങ്കില്‍ വളവുകളില്‍ ഹോണ്‍ മുഴക്കുക. റോഡ് സൈന്‍സ് ശ്രദ്ധിക്കുക, വളവുകളില്‍ വാഹനം പാര്‍ക്ക് ചെയ്യരുത്.

വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക. വാഹനം നിര്‍ത്തിയിടുമ്പോഴെല്ലാം പാര്‍ക്കിംഗ് ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുക. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിര്‍ത്തിയിടുക.

ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ അപരിചിതമായ വഴികളിലൂടെ രാത്രികാലങ്ങളില്‍ സഞ്ചരിക്കാതിരിക്കുക. യാത്ര തുടങ്ങും മുമ്പ് ടയര്‍, ബ്രേക്ക്, വൈപ്പര്‍ എന്നിവയുടെ കണ്ടീഷന്‍ ഉറപ്പ് വരുത്തുക. ഫസ്റ്റ് എയ്ഡ് കിറ്റ് ഒപ്പം കരുതുക, വിശ്രമം ആവശ്യമെന്ന് തോന്നിയാല്‍ വിശ്രമിക്കണം.

 

Related Articles

Back to top button
error: Content is protected !!