ChuttuvattomThodupuzha

ലോറേഞ്ചില്‍ കനത്തമഴ ; വിവിധയിടങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും

തൊടുപുഴ : ലോറേഞ്ചില്‍ മഴ കനത്തതിനെ തുടര്‍ന്ന് വ്യാപകമായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. കുളമാവ് കരിപ്പലങ്ങാടിന് സമീപം വീടിന് പിന്‍വശത്തേക്ക് മണ്‍തിട്ടയിടിഞ്ഞ് വീണ് യുവതി കുടുങ്ങി.കരിപ്പലങ്ങാട് പാടത്തില്‍ അനുജമോളാണ് (33) മണ്ണിനടിയില്‍പ്പെട്ടത്. യുവതിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷിച്ചു. കാലിനു മുകളിലേയ്ക്ക് മാത്രം മണ്ണ് വീണതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പൂച്ചപ്ര കുളപ്പുറത്തും ചേറാടിയിലും ഉരുള്‍പ്പൊട്ടലുണ്ടായി. ചേറാടിയില്‍ രണ്ട് കുടുംബങ്ങള്‍ ഉരുള്‍പ്പൊട്ടലില്‍ നിന്ന് രക്ഷപ്പെടുന്നിതിനിടെ വീണ് ഒരു കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തൊടുപുഴ- പുളിന്മല സംസ്ഥാന പാതയില്‍ കരിപ്പലങ്ങാടിന് സമീപം കാറിനു മുകളിലേയ്ക്ക് മണിടിഞ്ഞു വീണു, കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇലപ്പള്ളി വില്ലേജില്‍ പുത്തേട്- പുള്ളിക്കാനം റോഡില്‍ മണ്ണ് വീണ് ഗതാഗതം തടസപ്പെട്ടു. പുത്തേട്- പുള്ളിക്കാനം റോഡിനു സമീപമുള്ള രണ്ടു വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. താഴ്വാരം കോളനിയില്‍ പാലം കവിഞ്ഞൊഴുകി. മണപ്പാടി ചപ്പാത്തും കരകവിഞ്ഞൊഴുകുകയാണ്. പന്നിമറ്റം വടക്കാനാറും കരകവിഞ്ഞ് പുഴയോരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. മൂലമറ്റം- ചെറുതോണി റോഡില്‍ നിരവധിയിടത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. നാടുകാണിയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. ഇതുവഴി ഒറ്റവരിയായാണ് വാഹനങ്ങള്‍ പോകുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയൊട്ടാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. അശോക ജംഗ്ഷന്‍ മുതല്‍ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടുണ്ട്. ജില്ലയില്‍ രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. പന്നിമറ്റം സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍, വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകള്‍. നിരവധി കുടുംബങ്ങളെ ഇവിടേയ്ക്ക് മാറ്റിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!