ChuttuvattomThodupuzha

കനത്ത മഴ ; മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു

തൊടുപുഴ : കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി ഇടുക്കി മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു വിട്ടു. ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഷട്ടറുകള്‍ 20 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പരമാവധി വെള്ളം ഉപയോഗിക്കുന്നതിന്റെ ഭാഗമായി മലങ്കര ജലവൈദ്യുത പദ്ധതിയില്‍ ഉത്പാദനം കൂട്ടിയതിനെത്തുടര്‍ന്ന് 10 സെന്റീ മീറ്റര്‍ വീതമാക്കി താഴ്ത്തുകയായിരുന്നു.

രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി നിലവില്‍ 36 ക്യുമെക്‌സ് വെള്ളമാണ് മലങ്കര വൈദ്യുതി നിലയത്തില്‍ ഉപയോഗിക്കുന്നത്. ഉത്പാദനം കൂട്ടിയാല്‍ 56 ക്യുമെക്‌സ് വരെ ഉപയോഗിക്കാനാകും. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടില്ല. എങ്കിലും അപ്രതീക്ഷിതമായി ജല നിരപ്പ് ഉയര്‍ന്നാല്‍ ഒരു മീറ്റര്‍ വരെ വെള്ളം തുറന്ന് പുറത്തേക്കൊഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ജലാശയത്തില്‍ നിന്നും ഇരു കനാലുകളില്‍ കൂടി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും നേരിയ തോതില്‍ കുറച്ചിട്ടുണ്ട്. നിലവില്‍ ഇടത് കര കനാലില്‍ കൂടി 1.50 മീറ്ററും വലത് കര കനാലില്‍ കൂടി 1.20 മീറ്റര്‍ വെള്ളവുമാണ് ഒഴുക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!