ChuttuvattomThodupuzha

മങ്ങാട്ട്കവല ബസ് സ്റ്റാന്‍ഡിലെ ടാറിംഗ് വീണ്ടും തകര്‍ന്നു ; അറ്റകുറ്റ പണി നടത്തിയിട്ട് രണ്ട് വര്‍ഷം മാത്രം

തൊടുപുഴ : തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി ടാറിംഗ് നടത്തിയ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് വീണ്ടും തകര്‍ന്നു. വിദ്യാര്‍ത്ഥികളുള്‍പ്പെടെ ദിവസേന നൂറ് കണക്കിനു യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്ന സ്റ്റാന്‍ഡാണ് വീണ്ടും തകര്‍ന്ന് കുണ്ടും കുഴിയുമായി മാറിയത്. കിഴക്കന്‍ മേഖലയിലേക്കും തിരിച്ചുമുള്ള നിരവധി ബസുകള്‍ കയറിയിറങ്ങി പോകുന്ന സ്റ്റാന്‍ഡ് മഴ പെയ്താല്‍ കുളമാകുന്ന അവസ്ഥയാണ്. പതിമൂന്ന് ലക്ഷത്തോളം രൂപ മുടക്കിയാണ് സ്റ്റാന്‍ഡില്‍ രണ്ട് വര്‍ഷം മുമ്പ് ടാറിംഗ് നടത്തിയത്. അന്ന് സ്റ്റാന്‍ഡിലെ ടാറിംഗ് പൂര്‍ണമായി പൊളിഞ്ഞ് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും കടുത്ത ദുരിതമായി മാറിയതോടെയാണ് നഗരസഭ ടാറിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണി നടത്തിയത്. ഇതാണ് വീണ്ടും തകര്‍ന്ന് കുഴിയായി മാറിയത്. ടാറിംഗ് നടത്തിയതില്‍ അപാകതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, തൊമ്മന്‍കുത്ത്, പെരിങ്ങാശേരി മേഖലകളിലേക്കും കാരിക്കോട്, കലയന്താനി, പൂമാല തുടങ്ങിയ പ്രദേശങ്ങളിലേക്കുമുള്ള ബസുകള്‍ തൊടുപുഴയില്‍ നിന്നും മങ്ങാട്ടുകവല സ്റ്റാന്‍ഡിലെത്തി യാത്രക്കാരെ കയറ്റിയാണ് പോകുന്നത്. പ്രദേശങ്ങളിലേക്കുള്ള നൂറു കണക്കിന് യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലാണ്. കൂടാതെ കാരിക്കോട് ജില്ലാ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ജില്ലാ മൃഗാശുപത്രി എന്നി സ്ഥാപനങ്ങളില്‍ എത്തുന്ന ആളുകളുടെയും ആശ്രയമാണ് മങ്ങാട്ട്കവല ബസ് സ്റ്റാന്‍ഡ്.

പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ എത്തുന്നവരും മങ്ങാട്ടുകവല വഴിയാണ് കടന്നു പോകുന്നത്. സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തിലാണ് ഇപ്പോള്‍ ടാറിംഗ് തകര്‍ന്ന് വലിയ കുഴിയായി മാറിയിരിക്കുന്നത്. ദിവസേന കുഴിയുടെ വലിപ്പം കൂടി വരികയാണ്. ഇതിനു സമീപം പലയിടത്തായും ടാറിങ് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ശക്തമായ മഴയെത്തുന്നതോടെ സ്റ്റാന്‍ഡിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാകുമെന്ന് വ്യാപാരികളും യാത്രക്കാരും ചൂണ്ടിക്കാട്ടി. ഇതിനിടെ സ്റ്റാന്‍ഡ് ഉയര്‍ത്തി ടാറിംഗ് നടത്തുന്നതോടെ വെള്ളം സമീപത്തെ കടകളില്‍ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെ ഐറിഷ് ഓട നിര്‍മ്മിക്കുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇത് നടപ്പിലായില്ല.

 

Related Articles

Back to top button
error: Content is protected !!