ChuttuvattomThodupuzha

ഡോക്ടര്‍മാരില്ല; ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

തൊടുപുഴ: നിത്യേന നൂറ് കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. അത്യാഹിത വിഭാഗത്തില്‍ മാത്രം നാലു ഡോക്ടര്‍മാരുടെ പോസ്റ്റാണ് നിലവിലുള്ളത്. താലൂക്ക് ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രി ആയി ഉയര്‍ത്തിയെങ്കിലും പഴയ സ്റ്റാഫ് പാറ്റേണ്‍ തന്നെ നില നില്‍ക്കുന്നതിനാലാണ് കൂടുതല്‍ ഡോക്ടര്‍മാരെ ഇവിടെ നിയമിക്കാത്തത്. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടറുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. കുറഞ്ഞത് എട്ടു ഡോക്ടര്‍മാരെങ്കിലും വേണ്ട സ്ഥാനത്താണ് മൂന്നു ഡോക്ടര്‍മാരുടെ സേവനം ഉപയോഗിച്ച് മൂന്നു ഷിഫ്റ്റില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നത്. സ്‌പെഷാലിറ്റി ഡോക്ടര്‍മാരെ കൂടി ഉപയോഗപ്പെടുത്തിയാണ് കാഷ്വാലിറ്റിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം.

ജില്ലാ ആശുപത്രിയാക്കിയിട്ട് വര്‍ഷങ്ങള്‍

ജില്ലാ ആശുപത്രി ആയി ഉയര്‍ത്തി വര്‍ഷങ്ങളായെങ്കിലും ഓരോ വിഭാഗത്തിലെയും ജീവനക്കാരുടെ എണ്ണം ജില്ലാ ആശുപത്രി എന്ന തലത്തിലേയ്ക്ക് ഉയര്‍ത്താന്‍ ഇതു വരെ കഴിയാത്തതാണ് നേരിടുന്ന പ്രതിസന്ധി. നാലു ഡോക്ടര്‍മാരുടെ ഒഴിവുള്ളതില്‍ ഒരെണ്ണം അടിയന്തര സര്‍വീസായ അത്യാഹിത വിഭാഗത്തിലാണ്. ആറു മാസമായി അത്യാഹിത വിഭാഗത്തിലെ ഒഴിവു നികത്താതെ കിടക്കുകയാണ്. എന്‍.എച്ച്.എം വഴിയും അഡ്‌ഹോക്കു വഴിയും താത്കാലികമായി ഡോക്ടര്‍മാരെ നിയമിച്ചായിരുന്നു ഇത്രയും നാള്‍ അത്യാഹിത വിഭാഗം മുന്നോട്ടു പോയിരുന്നത്. പി.ജി എന്‍ട്രന്‍സ് പരീക്ഷ ഉള്ളതിനാല്‍ താത്കാലിക ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി പോയി. ഇതോടെയാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ കൂടി നോക്കേണ്ട അവസ്ഥയില്‍ എത്തിയത്.

അധിക ഡ്യൂട്ടിയും പരിഹാരമല്ല

അത്യാഹിത വിഭാഗം ഡ്യൂട്ടി കൂടി സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ എടുക്കുന്നത് കാരണം സ്‌പെഷാലിറ്റി ഒ.പികളുടെ പ്രവര്‍ത്തനവും തടസപ്പെടുന്ന നിലയിലാണ്. വിവിധ പഞ്ചായത്തുകളില്‍ നിന്നും ജില്ലാ ആശുപത്രിയില്‍ വന്നു സ്‌പെഷാലിറ്റി ഡോക്ടര്‍മാരെ കാണാതെ തിരിച്ചു പോകേണ്ട അവസ്ഥയാണ് രോഗികള്‍ക്കുള്ളത്. ഒഴിവുള്ള തസ്തികകള്‍ നികത്താതെയും ആവശ്യത്തിനു തസ്തികകള്‍ സൃഷ്ടിക്കാതെയും കടുത്ത പ്രതിസന്ധിയിലാണ് തൊടുപുഴ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനമെന്നും അടിയന്തരമായി പ്രശ്‌നത്തിനു പരിഹാരം കാണണമെന്നുമാണ് കെ.ജി.എം.ഓ.എ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.

 

Related Articles

Back to top button
error: Content is protected !!