Local LiveMoolammattam

മൂലമറ്റം നിലയത്തിലെ തകരാര്‍ പരിഹരിക്കാന്‍ ഒന്നരമാസം

മൂലമറ്റം: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂകര്‍ഭ നിലയത്തെ വലച്ച് വീണ്ടും തകരാര്‍. കഴിഞ്ഞ ദിവസമുണ്ടായ ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ തകരാര്‍ പരിഹരിക്കാന്‍ ഒന്നരമാസം എടുക്കുമെന്നും വൈദ്യുതി വിതരണത്തിന് തടസങ്ങള്‍ ഒന്നും ഇല്ലെന്നും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ റോട്ടറിന് തകരാറുണ്ടായി സ്റ്റേറ്ററില്‍ ഇടിച്ചാണ് പ്രശ്നമുണ്ടായത്. വെള്ളം വീഴുമ്പോള്‍ കറങ്ങുന്ന റോട്ടിന്റെ അകത്ത് നിന്ന് സ്പാര്‍ക്കിംഗ് ഉണ്ടായി ജനറേറ്റര്‍ ഡ്രിപ്പായി പോയിരുന്നു.
ഇന്നലെ രാവിലെ സേലത്ത് നിന്ന് കോറല്‍ എന്ന കമ്പനിയുടെ ജീവനക്കാര്‍ ജനറേറ്റര്‍ പരിശോധിച്ചു. റോട്ടര്‍ ഇടിച്ച് സ്റ്റേറ്ററിന്റെ പലഭാഗത്തായി തകരാറുകള്‍ വന്നിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തുടങ്ങാനാണ് തീരുമാനം. ഭാരമേറിയ ഉപകരണങ്ങള്‍ ആയതിനാല്‍ അഴിച്ച് നവീകരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് സൂചന. കാലപ്പഴക്കമാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന സംശയം.
നിലവില്‍ അഞ്ചാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണിയിലാണ്. ഇതിന്റെ ജോലികള്‍ ജനുവരി ആദ്യവാരത്തോടെ മാത്രമേ പൂര്‍ത്തിയാകൂ. അതേ സമയം നിലയത്തില്‍ നിലവില്‍ നാല് ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. മാസങ്ങളായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമായതിനാല്‍ പീക്ക് സമയത്ത് മാത്രമാണ് ഇടുക്കിയിലെ എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചിരുന്നത്. തണുപ്പ് കാലമായതിനാല്‍ പീക്ക് സമയത്തെ ഉപഭോഗത്തിലും കുറവുണ്ട്. 78.190 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ തിങ്കളാഴ്ചത്തെ ഉപഭോഗം. ഇതില്‍ 63.473 ദശലക്ഷം യൂണിറ്റും പുറമെ നിന്നെത്തിച്ചത്.

 

Related Articles

Back to top button
error: Content is protected !!