ChuttuvattomThodupuzha

കൊടുംചൂടിനിടെ വൈദ്യുതി മുടക്കത്തില്‍ വലഞ്ഞ് ജനങ്ങള്‍ ; ദുരിതം മനസിലാക്കാതെ വൈദ്യുതി വകുപ്പ്

തൊടുപുഴ : കനത്ത വേനലും ചൂടും അതിന്റെ പാരമ്യത്തില്‍ നില്‍ക്കേ അടിക്കടി വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നതു മൂലം വേനല്‍ക്കാലത്ത് ജനങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. മുന്നറിയിപ്പില്ലാതെയാണ് തൊടുപുഴ മേഖലയില്‍ കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതി വിച്ഛേദിക്കുന്നത്.
രാത്രിയും പകലും കനത്ത ചൂടാണ് ജില്ലയിലെമ്പാടും അനുഭവപ്പെടുന്നത്. ഫാനോ എ.സിയോ ഇല്ലാതെ വീടുകളിലോ ഓഫീസുകളിലോ കഴിയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനിടെ പതിവായി വൈദ്യുതി മുടങ്ങുന്നതിനാല്‍ ജനാലകള്‍ തുറന്നിട്ടാണ് പലരുടെയും അന്തിയുറക്കം. അര്‍ധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം സമയം നീണ്ട് നില്‍ക്കും. അതിനാല്‍ വൈദ്യുതി മുടങ്ങിയാല്‍ ചൂട് സഹിച്ചു കഴിയുകയേ നിവൃത്തിയുള്ളു. വീടുകളില്‍ വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാകാതെയും ജനങ്ങള്‍ വലയുന്നുണ്ട്.

വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയില്‍

വലിയ സ്ഥാപനങ്ങളില്‍ ജനറേറ്ററും മറ്റും ഉണ്ടെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഇത്തരം സംവിധാനങ്ങളില്ല. വൈദ്യുതി മുടക്കം ചെറുകിട വ്യവസായ യൂണിറ്റുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വൈദ്യുതിയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, സ്റ്റുഡിയോ, കോള്‍ഡ് സ്റ്റോറേജുകള്‍, ഐസ്‌ക്രീം, ജൂസ് പാര്‍ലറുകള്‍, ഹോട്ടലുകള്‍, പ്രിന്റിംഗ് പ്രസ്, ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ വൈദ്യുതി മുടക്കം മൂലം പ്രതിസന്ധിയിലാണ്. വൈദ്യുതി മുടക്കത്തിനു പുറമെ വോള്‍ട്ടേജ് വ്യതിയാനവും ഉപഭോക്താക്കളെ വലയ്ക്കുന്നു. രാത്രിയില്‍ പതിവായി വോള്‍ട്ടേജ് കൂടുകയും കുറയുകയും ചെയ്യുന്നതിനാല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ജനങ്ങള്‍ പറയുന്നു. കടുത്ത വേനല്‍ക്കാലത്ത് വൈദ്യുതി മുടക്കം മൂലം ജനങ്ങള്‍ ദുരിതത്തിലായിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമാണെന്നാണ് ആക്ഷേപം.

യാഥാര്‍ത്ഥ കാരണം ആര്‍ക്കുമറിയില്ല

കെഎസ്ഇബി സെക്ഷന്‍ ഓഫീസുകളുടെ കീഴില്‍ വാര്‍ഷിക അറ്റകുറ്റപ്പണികളുടെ പേരില്‍ പകല്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇത്തരം ജോലികളെല്ലാം തന്നെ നാളുകള്‍ക്കു മുമ്പെ പൂര്‍ത്തിയായതാണ്. കാറ്റും മഴയും ഇല്ലാത്തതിനാല്‍ ഇതു മൂലമുള്ള ലൈന്‍ തകരാറുകളും നിലവിലില്ല. എന്നാല്‍ ദിനംപ്രതിയുള്ള വൈദ്യുതി മുടക്കം മാറ്റമില്ലാതെ തുടരുകയാണ്. കാരണമന്വേഷിച്ച്
കെഎസ്ഇബി ഓഫീസുകളില്‍ വിളിച്ചാല്‍ അപൂര്‍വമായി മാത്രമാണ് ഫോണില്‍ മറുപടി ലഭിക്കുകയെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!