Thodupuzha

ഭീഷണിയായി കൂറ്റന്‍ പാറ; നടപടിയെടുക്കാതെ അധികൃതര്‍

തൊടുപുഴ:വീടിന് സമീപം വിണ്ടുകീറിയ കൂറ്റന്‍ പാറ കുടുംബങ്ങള്‍ക്ക് ഭീഷണിയായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. അപകട സാധ്യതയുണ്ടാക്കുന്ന പാറ പൊട്ടിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രാവശ്യം അപേക്ഷ നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് വീട്ടുകാരുടെ പരാതി. മഴക്കാലം ശക്തമായതോടുകൂടി മണ്ണൊലിപ്പില്‍ പാറതാഴേക്ക് പതിക്കുമോയെന്ന ആശങ്കയിലാണ് ഇവര്‍. കുമാരമംഗലം പഞ്ചായത്തില്‍ ഏഴല്ലൂര്‍ പ്ലാന്റേഷനിലാണ് കൂറ്റന്‍ പാറ നില്‍ക്കുന്നത്. ഇതിന് താഴെയായി നാലു വീടുകളുണ്ട്.കല്ല് പതിറ്റാണ്ടുകളായി ഇവിടെ നില്‍ക്കുന്നത് കൊണ്ട് ആദ്യമൊന്നും ഒരു പ്രശ്നമായി കണ്ടിരുന്നില്ല. എന്നാല്‍ മേയ് ഒന്നിന് വലിയ ഒരു ശബ്ദം പാറയില്‍നിന്ന് കേട്ടതായി സമീപത്തെ വീട്ടുകാര്‍ പറയുന്നു. പാറക്കടുത്ത് വന്ന് നോക്കുമ്പോഴാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെയാണ് ഭീതി ഉടലെടുത്തത്. വിള്ളലിനിടയിലൂടെ മരവും വളരുന്നതിനാല്‍ ഇത് താഴേക്ക് ഉരുണ്ട് വരുമോ എന്ന ഭീതിയിലാണ് ഇപ്പോള്‍. ഓരോ ദിവസം കഴിയുന്തോറും പാറയുടെ വിള്ളലുകള്‍ കൂടി വരുന്നെന്ന് സമീപ വാസികള്‍ പറയുന്നു. ഏഴല്ലൂര്‍ പ്ലാന്റേഷന്‍ ആറുകണ്ടത്തില്‍ രാജുമോന്‍, അറയ്ക്കല്‍ സബിത അനീഷ്, മേരി അഗസ്റ്റിന്‍ എന്നിവരുടെ വീടുകളാണ് പാറക്ക് സമീപം ഉള്ളത്. ഇതിന് താഴെയും വീടുകളുണ്ട്. വീടുകളുടെ 15 മീറ്റര്‍ മാത്രം അകലത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്.
വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എത്രയും വേഗം ഇത് പൊട്ടിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ചതായും സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാറ പൊട്ടിച്ചുനീക്കുന്നതിനായി എസ്റ്റിമേറ്റ് എടുക്കാന്‍ നിര്‍ദേശം നല്‍കിയതായും, കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും തൊടുപുഴ തഹസില്‍ദാര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!