Thodupuzha

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആഗസ്റ്റ് ഒന്നിന് ഔഷധസേവ

തൊടുപുഴ: കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചടങ്ങ് മാത്രമായി നടത്തിയിരുന്ന ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഔഷധസേവ ആഗസ്റ്റ് ഒന്നിന് വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.ഒന്നിന് രാവിലെ അഞ്ച് മുതല്‍ ഒന്ന് വരെയാണ് ഔഷധ സേവ. ഭഗവാന് നിവേദിച്ച്‌ ഔഷധത്തില്‍ ചേര്‍ക്കാനുള്ള വെണ്ണ വാഴൂര്‍ ശ്രീ തീര്‍ത്ഥ പാദാശ്രമത്തില്‍ നിന്ന് നാളെ ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിക്കും. ഔഷധ സേവയുടെ വിപുലമായ ക്രമീകരണങ്ങള്‍ക്കായി 251 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഔഷധസൂക്തം ജപിച്ച്‌ ഔഷധം ചൈതന്യവത്താക്കുന്ന ചടങ്ങുകള്‍ നാളെ വൈകിട്ട് ആരംഭിക്കും. ഒരു നേരത്തെ ഔഷധ സേവയിലൂടെ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിക്കുകയും രോഗശമനം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവരെ ഭക്തര്‍ ഔഷധ സേവയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. ഇത്തവണ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഔഷധസേവയ്ക്ക് എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും സുഗമമായി ഒരു ബുദ്ധിമുട്ടും കൂടാതെ ഔഷധം സേവിച്ച്‌ മടങ്ങാനുള്ള കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ജന. കണ്‍വീനര്‍ സുധീര്‍ പുളിക്കല്‍, ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയന്‍, സെക്രട്ടറി സിജു ബി. പിള്ള, സഹ രക്ഷാധികാരി എം.ആര്‍. ജയകുമാര്‍, ഖജാന്‍ജി എം.എന്‍. രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!