ChuttuvattomThodupuzha

വിശുദ്ധവാരത്തിന് തുടക്കം ; ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും

തൊടുപുഴ: ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കും. മാനവരക്ഷയ്ക്കായി മന്നില്‍ അവതരിച്ച യേശുക്രിസ്തു കഴുതക്കുട്ടിയുടെ പുറത്തുകയറി ജറൂസെലേം ദേവാലയത്തിലേക്ക് രാജകീയ പ്രവേശനം നടത്തിയപ്പോള്‍ ഒലിവിലകള്‍ വീശി ദാവീദിന്റെ പുത്രന് ഓശാന പാടി എതിരേറ്റ ചരിത്രസംഭവത്തിന്റെ അനുസ്മരണമാണ് ദേവാലയങ്ങളില്‍ നടക്കുന്നത്.ആശീര്‍വദിച്ച കുരുത്തോലകള്‍ കരങ്ങളിലേന്തി ദേവാലയത്തിനു പ്രദക്ഷിണം വച്ച് സ്തുതിഗീതങ്ങളുമായി വിശ്വാസികള്‍ പങ്കെടുക്കും. നോമ്പിന്റെയും ഉപവാസത്തിന്റെയും ചൈതന്യത്തില്‍ ആത്മവിശുദ്ധീകരണത്തിലേക്ക് പ്രവേശിക്കുന്ന ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യത്തിന്റെ വിളംബരവുമാണിത്.

മുതലക്കോടം സെന്റ് ജോര്‍ജ്, കരിമണ്ണൂര്‍ സെന്റ് മേരീസ്, കാളിയാര്‍ സെന്റ് റീത്താസ്, മാറിക സെന്റ് ജോസഫ്, മൈലക്കൊന്പ് സെന്റ് തോമസ്, തുടങ്ങനാട് സെന്റ് തോമസ്, മൂലമറ്റം സെന്റ് ജോര്‍ജ്, വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍, അടിമാലി സെന്റ് ജൂഡ്, പാറത്തോട് സെന്റ് ജോര്‍ജ്, മുരിക്കാശേരി സെന്റ് മേരീസ്, ചുരുളി സെന്റ് തോമസ്, തങ്കമണി സെന്റ് തോമസ്, വെള്ളയാംകുടി സെന്റ് ജോര്‍ജ്, കട്ടപ്പന സെന്റ് ജോര്‍ജ്, രാജകുമാരി ദൈവമാതാ തുടങ്ങിയ ദേവാലയങ്ങളില്‍ ആഘോഷപൂര്‍വം ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ നടക്കും.

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭിക്കും.വികാരി ഫാ. സ്റ്റാന്‍ലി കുന്നേല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ രാവിലെ 6.30ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോര്‍ജ് താനത്തുപറമ്പില്‍ കാര്‍മികത്വം വഹിക്കും.

 

Related Articles

Back to top button
error: Content is protected !!