ChuttuvattomThodupuzha

ജില്ലയിലെ ആദ്യ നൈപുണി വികസന കേന്ദ്രം തൊടുപുഴയില്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ ജില്ലയിലെ ആദ്യ നൈപുണി വികസന കേന്ദ്രം തൊടുപുഴ ജി.വി.എച്ച്.എസ്.എസില്‍ യാഥാര്‍ഥ്യമാകുന്നു.വിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോയവര്‍, തുടര്‍പഠനം നഷ്ടപ്പെട്ടവര്‍, ഹയര്‍ സെക്കന്‍ഡറി -വി.എച്ച്.എസ്.ഇ പഠിക്കുന്നവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. 15 മുതല്‍ 23 വയസ്സ് വരെയുള്ളവര്‍ക്കാണ് അവസരം. 25 കുട്ടികള്‍ വീതമുള്ള രണ്ട് ബാച്ച് ഉണ്ടായിരിക്കും. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ പരിശീലനം നല്‍കി സ്ഥിരവരുമാനത്തിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ അനുയോജ്യമായ രണ്ടുവീതം കോഴ്സുകള്‍ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്.

ഉന്നത വിദ്യാഭ്യാസവും പ്രഫഷനല്‍ കോഴ്‌സും പൂര്‍ത്തിയാക്കിയ ഭൂരിപക്ഷം പേര്‍ക്കും അനുയോജ്യമായ തൊഴില്‍ നേടാനാകാത്ത സാഹചര്യമുണ്ട്. വ്യവസായ മേഖല പ്രതീക്ഷിക്കുന്ന നൈപുണികള്‍ കൈവരിക്കാനാകാത്തതും വെല്ലുവിളി സൃഷ്ടിക്കുന്നു. തൊഴില്‍ പ്രാവീണ്യം നേടുന്നതിനൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും നല്‍കുന്ന സെന്ററുകള്‍ യുവതലമുറക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും അപേക്ഷ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. സൗജന്യ പരിശീലനമായിരിക്കും നല്‍കുന്നത്. ജില്ലയിലെ പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് തൊടുപുഴയില്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ മറ്റ് സ്‌കൂളുകളിലേക്ക് സെന്റര്‍ വ്യാപിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!