ChuttuvattomThodupuzha

റോഡിലെ പൊടിശല്യം കൊണ്ട് പൊറുതി മുട്ടി പ്രദേശവാസികള്‍ ; നിര്‍മ്മാണ കരാര്‍ കമ്പനിയുടെ ഓഫീസില്‍ എത്തി പ്രതിഷേധിച്ചു

തൊമ്മന്‍കുത്ത് : റോഡിലെ പൊടിശല്യം കൊണ്ട് പൊറുതി മുട്ടിയ പ്രദേശവാസികള്‍ റോഡ് നിര്‍മ്മാണ കരാര്‍ കമ്പനിയുടെ ഓഫീസില്‍ എത്തി പ്രതിഷേധിച്ചു. നെയ്യശേരി – തോക്കുമ്പന്‍ റോഡിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ള കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ദര്‍ഭത്തൊട്ടി ഗള്‍ഫ് നഗറിന് സമീപമുള്ള ഓഫീസിലാണ് കരിമണ്ണൂര്‍ പഞ്ചായത്തംഗം ബിബിന്‍ അഗസ്റ്റ്യന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി പ്രതിഷേധിച്ചത്. മുളപ്പുറം മുതല്‍ തൊമ്മന്‍കുത്ത് വരെയുള്ള യാത്രയിലാണ് പൊടിശല്യം രൂക്ഷമായിട്ടുള്ളത്.

പ്രശ്‌നങ്ങള്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ റോഡ് നനച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ് പ്രദേശവാസികളെ മടക്കി അയയ്ക്കുകയാണ് പതിവ്. എന്നാല്‍ വല്ലപ്പോഴും ടാങ്കറില്‍ വെള്ളം കൊണ്ടുവന്ന് നനയ്ക്കുക മാത്രമാണ് ചെയ്യാറുള്ളത്. ഇത്തരം നടപടികള്‍ കൊണ്ടൊന്നും പൊടി കുറയാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ദിവസം മൂന്ന് പ്രാവശ്യമെങ്കിലും നല്ല രീതിയില്‍ നനച്ചാല്‍ മാത്രമേ അല്‍പ്പം എങ്കിലും പൊടി കുറയുകയുള്ളൂവെന്നതാണ് സ്ഥിതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ തവണ റോഡ് നനയ്ക്കാമെന്ന ഉറപ്പ് കമ്പനി അധികൃതര്‍ നല്‍കി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

 

Related Articles

Back to top button
error: Content is protected !!