ChuttuvattomThodupuzha

കുടയത്തൂരിലും പുലി ? പ്രദേശവാസികള്‍ ആശങ്കയില്‍

തൊടുപുഴ : കുടയത്തൂര്‍ ജംഗ്ഷനു സമീപം പുലിയെ കണ്ടതായി വിവരം ലഭിച്ചതോടെ പ്രദേശവാസികള്‍ ഭീതിയില്‍. വീടിനടുത്ത് പുലിയെ കണ്ടതായാണ് ജംഗ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന കുടുംബം അധികൃതരെ അറിയിച്ചത്. ഒല്ലൂപ്പറമ്പില്‍ പ്രദീപിന്റെ മുറ്റത്തോട് ചേര്‍ന്നാണ് ചൊവ്വാഴ്ച രാത്രി പത്തോടെ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടത്. പ്രദീപിന്റെ ഭാര്യ നിഷ, സഹോദരന്‍ രഞ്ജിത്ത് എന്നിവരാണ് ജീവിയെ കണ്ടത്. വീട്ടുമുറ്റത്തെ കൂട്ടില്‍ ഉണ്ടായിരുന്ന നായ വലിയ ശബ്ദത്തോടെ കുരയ്ക്കുന്നത് കേട്ടാണ് രഞ്ജിത്ത് വീടിന്റെ മുന്‍വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയത്. വീടിന്റെ താഴെ ഭാഗത്തുനിന്നും ഒരു പൂച്ചയെ ഓടിച്ചു കൊണ്ട് പുലി വളരെ വേഗം മുറ്റത്തിന് സമീപത്തേക്ക് കയറുന്നത് കണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്.

രഞ്ജിത്ത് ബഹളമുണ്ടാക്കി വീടിനുള്ളിലേക്ക് ഓടിക്കയറുന്നതു കണ്ട നിഷ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ വീട്ടിലേക്കുള്ള വഴിയിലൂടെ പുലി വേഗത്തില്‍ മുകള്‍ ഭാഗത്തേക്ക് ഓടി പോകുന്നത് കണ്ടു. പുലി തന്നെയാണ് വീടിന് സമീപം എത്തിയതെന്ന് ഉറപ്പായതോടെ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ബിന്ദു സുധാകരന്‍ ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. രാത്രിയില്‍ തന്നെ വനം വകുപ്പ് അധികൃതര്‍ എത്തി പ്രദേശത്ത് പരിശോധന നടത്തി. വീടിനു സമീപം പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തി.

എന്നാല്‍ കുടയത്തൂരില്‍ പ്രദേശവാസികള്‍ കണ്ട അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
പുലിയെ കണ്ടുവെന്ന് പറയുന്ന വീടിന് സമീപം കണ്ട കാല്‍പ്പാടുകള്‍ അവ്യക്തമാണ്. വ്യക്തതയുള്ള കാല്‍പ്പാടുകള്‍ പ്രദേശത്തു നിന്നും കണ്ടെത്താനായില്ല. പുലിയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ ആദ്യം അവ പട്ടി, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയാണ് പതിവ്. എന്നാല്‍ കുടയത്തൂരില്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പുലിയാണോ എന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. പുലിയെ കണ്ടുവെന്ന് പ്രദേശവാസികള്‍ പറയുന്നതിനാല്‍ രാത്രി സമയത്ത് ജാഗ്രത പാലിക്കണമെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

മുട്ടം , കരിങ്കുന്നം പഞ്ചായത്തുകളില്‍ വിവിധയിടങ്ങളില്‍ പുലിയുടെ സാന്നിധ്യം വനംവകുപ്പ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തടുത്ത പഞ്ചായത്തുകളില്‍ വിവിധയിടങ്ങളില്‍ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ ഭയത്തോടെയാണ് കഴിയുന്നത്. രണ്ടാഴ്ച മുമ്പ് അടൂര്‍ മലയില്‍ പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. അടൂര്‍ മലയില്‍ നിന്നും വളരെ എളുപ്പത്തില്‍ ജനവാസം കുറവുള്ള മേഖലയിലൂടെ കുടയത്തൂര്‍ ഭാഗത്ത് എത്താമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ഭീതി അകറ്റാന്‍ നടപടി വേണം

കുടയത്തൂരില്‍ പുലിയുടെ സാന്നിധ്യം സംശയിക്കപ്പെട്ടതോടെ പ്രദേശവാസികള്‍ക്ക് ഉണ്ടായിരിക്കുന്ന ആശങ്ക അകറ്റാന്‍ വനം വകുപ്പ് അധികൃതര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ ബിന്ദു സുധാകരന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പുലിയെ കണ്ട ഭാഗത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നയിടമാണ്. ഇരുട്ട് വീണാല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ തന്നെ ഭയക്കുകയാണ്. പ്രദേശവാസികളുടെ ഭീതി അകറ്റാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സഹ്യാദ്രി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!