Thodupuzha

നാഷ്ണല്‍ പെര്‍മിറ്റ് ലോറി മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി

തൊടുപുഴ: വർഷങ്ങളായി റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറി മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മൂവാറ്റുപുഴ മുളവൂര്‍ പുന്നമറ്റം പാമ്പുംകര വീട്ടില്‍ പി.എസ്. നിഷാദ് (40), പല്ലാരിമംഗലം പൈമറ്റം മണിക്കിണറിന് സമീപം താമസിക്കുന്ന കരിക്കണ്ണക്കുടി വീട്ടില്‍ അബൂബക്കര്‍ മൊയ്തീന്‍ (41) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മോഷണം പോയ ലോറിയും ഇത് കൊണ്ടുപോകാന്‍ ഉപയോഗിച്ച ക്രെയിനും പിടികൂടി തൊടുപുഴയിലെത്തിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. വെങ്ങല്ലൂർ – മങ്ങാട്ടുകവല ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി പ്രതികള്‍ ക്രെയിനെത്തിച്ച് സ്ഥലത്ത് നിന്നും കെട്ടിവലിച്ച് കൊണ്ടുപോകുകയായിരുന്നു. മോഷണം പോയ വിവരം അറിഞ്ഞ് ഉടമയായ സ്ത്രീ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച്ച തന്നെ മൂവാറ്റുപുഴ കാലാംപൂരിലെ ഗോഡൗണില്‍ നിന്നും ക്രെയിനും അതിന്റെ ഉടമകളായ ഷാജഹാന്‍, അന്‍സാര്‍ എന്നിവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ മോഷണവുമായി ബന്ധമില്ലെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെരുമ്പള്ളിച്ചിറ വഴി വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ പിന്നാലെ നടത്തിയ അന്വഷണത്തില്‍ നെല്ലിമറ്റത്തിന് സമീപം റോഡില്‍ ലോറിയുടെ പിന്നിൽ ചക്രമില്ലാത്ത നിരയിലെ തകിട് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഉരഞ്ഞ പാടുകള്‍ കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ ഒരു സ്വാകാര്യ റബ്ബര്‍ തോട്ടത്തില്‍ ഒതുക്കിയിട്ടിരിക്കുന്ന നിലയില്‍ ലോറി കണ്ടെത്തി. പ്രതികളെ പേഴക്കാപ്പള്ളിയിലെ അവരുടെ വീടുകളില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വെള്ളിയാഴ്ച്ച പിടികൂടിയ ക്രെയിന്‍ സ്ഥലത്തെത്തിച്ച് ലോറി കെട്ടി വലിച്ച് തൊടുപുഴയിലെത്തിച്ചു. നിലവില്‍ കാഡ്‌സിന് സമീപമുള്ള ലോറി സ്റ്റാന്‍ഡിലാണ് വാഹനം സക്ഷിച്ചിരിക്കുന്നത്. മറ്റൊരു ലോറിയിലെ തകരാറിലായ എഞ്ചിന് പകരം മാറ്റി സ്ഥാപിക്കുന്നതിനായാണ് തൊടുപുഴയില്‍ നിന്നും ലോറി കടത്തിക്കൊണ്ട് വന്നതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ക്രെയിൻ ഉടമകളുടെ വർക്ക് ഷോപ്പിൽ ജോലിക്ക് നിന്നവരാണ് പ്രതികൾ. ക്രെയിനും താക്കോലും സൂക്ഷിച്ചിരിക്കുന്ന സ്ഥലം പ്രതികൾക്ക് അറിവുണ്ടായിരുന്നു. രാത്രിയിലെത്തി താക്കോലുപയോഗിച്ച് ഉടമകൾ അറിയാതെ ക്രെയിനുമായി തൊടുപുഴയിലെത്തി ലോറി മോഷ്ടിച്ച് കടത്തി തിരികെ ക്രെയിനും താക്കോലും ഗോഡൗണിൽ എത്തിക്കുകയായിരുന്നു എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. അതേ സമയം ക്രെയിൻ ഉടമകൾക്ക് വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന ജോലി കൂടി ഉള്ളതിനാൽ ഇവർക്കും ലോറി മോഷണത്തിൽ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. 2022 ഫെബ്രുവരിയിൽ ഇതേ ലോറിയുടെ സ്റ്റിയറിങും ചക്രങ്ങളും ഉൾപ്പെടെയുള്ളവ മോഷണം പോയിരുന്നു. അന്നും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു എങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ വി.സി.വിഷ്ണു കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ ഇസ്മയില്‍ കെ.പി, സി.പി.ഒ മാരായ വി. സനൂപ്,

ജോബി എം.സി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!