ChuttuvattomThodupuzha

അപ്രതീക്ഷിത അപകടവും നഷ്ടങ്ങളും ; ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്

തൊടുപുഴ : സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) അപ്രതീക്ഷിത അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാനും നഷ്ടങ്ങളില്‍ നിന്ന് കരകയറ്റാനും ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. കച്ചവടം ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്ന അപകട സാധ്യതകളില്‍ നിന്ന് സാമ്പത്തിക പരിരക്ഷ നല്‍കുകയാണ് ലക്ഷ്യം. പ്രകൃതി ദുരന്തങ്ങള്‍, തീപിടിത്തം, മോഷണം, അപകടങ്ങള്‍, വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവ മൂലം സംരംഭങ്ങള്‍ക്ക് ബിസിനസിന്റെ സുസ്ഥിരതയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ സംഭവിക്കാം.

പ്രകൃതി ദുരന്തത്തിലും രക്ഷ

ഇടുക്കി പോലെ മലയോര ജില്ലകളില്‍ തുടര്‍ക്കഥയായ പ്രകൃതിദുരന്തം പല സംരംഭകരേയും സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ സംഭരംഭകര്‍ക്ക് ഒരു പരിധിവരെ ഇത്തരം സന്ദര്‍ഭങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇടുക്കിയിലെ പല സംരംഭകര്‍ക്കും പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍. സംരംഭകര്‍ക്ക് സാമ്പത്തിക പരിരക്ഷ നല്‍കി ആത്മവിശ്വാസം വളര്‍ത്താനും ബിസിനസ് വിപുലീകരിക്കാനും ഇന്‍ഷുറന്‍സ് കവറേജ് ഉപകരിക്കും.

പദ്ധതി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി

നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നീ നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. കമ്പനികളില്‍ ഏതെങ്കിലും ഒന്നില്‍നിന്നും 2023 ഏപ്രില്‍ ഒന്നിന് ശേഷമുള്ള കാലയളവില്‍, ഭാരത് സൂഷ്മ/ലഘു ഉദ്യം സ്‌കീമിന് കീഴില്‍ ഇന്‍ഷുറന്‍സ് എന്റോള്‍ ചെയ്തിട്ടുള്ള എല്ലാ സംരംഭങ്ങളും ആനുകൂല്യത്തിന് അര്‍ഹരാണ്. പുതിയ പോളിസി എടുക്കുന്നവര്‍ക്ക് പദ്ധതിയുടെ വെബ്‌സൈറ്റിലൂടെ ക്വട്ടേഷനുകള്‍ ലഭ്യമാക്കാം. വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 50ശതമാനം റീഇംബേഴ്സ്മെന്റ് ലഭിക്കും. പ്രീമിയം മുഴുവന്‍ അടച്ച് എംഎസ്എംഇ ഇന്‍ഷുറന്‍സ് പോളിസി വാങ്ങണം. ശേഷം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് റീഇംബേഴ്സ്മെന്റിന് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി ഡോക്യുമെന്റ്, പ്രീമിയം അടച്ച രസീത് എന്നിവയും സമര്‍പ്പിക്കണം. താലൂക്ക് വ്യവസായ ഓഫീസുകളില്‍ നേരിട്ടോ പഞ്ചായത്തുകളില്‍ വ്യവസായ വകുപ്പ് നിയമിച്ചിട്ടുള്ള ഇഡിഇമാര്‍ വഴിയോ അപേക്ഷിക്കാം.

 

Related Articles

Back to top button
error: Content is protected !!