ChuttuvattomThodupuzha

നെടിയശാലയില്‍ വീട് കുത്തിത്തുറന്ന് മോഷണം : 20 പവന്‍ സ്വര്‍ണം നഷ്ടമായി

തൊടുപുഴ : നെടിയശാലയില്‍ വീട് കുത്തിത്തുറന്ന് മോഷണം 20 പവന്‍ സ്വര്‍ണം നഷ്ടമായി . തൊടുപുഴ നെടിയശാല മൂലശ്ശേരില്‍ എം.ടി ജോണിന്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് 6.45നും രാത്രി 7.50നും ഇടയില്‍ മോഷണം നടന്നത്. നെടിയശാല സെന്റ് മേരീസ് പള്ളിയിലെ തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ജോണും ഭാര്യ ഫിലോമിനയും സഹോദരി ആലീസും പോയ സമയത്തായിരുന്നു മോഷണം. ഹാളിനോട് ചേര്‍ന്നുള്ള മുറിയിലെ ഇരുമ്പ് അലമാരയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇതിന്റെ താക്കോല്‍ ഈ മുറിയില്‍ത്തന്നെയുള്ള തടി അലമാരയില്‍ ഉണ്ടായിരുന്നു. അതെടുത്താണ് ഇരുമ്പ് അലമാര തുറന്ന് സ്വര്‍ണം കവര്‍ന്നത്.പള്ളിയില്‍ പോയി വന്ന് വാഹനം വീടിന് പിന്നില്‍ പാര്‍ക്ക് ചെയ്ത ശേഷം വീട് തുറക്കാന്‍ മുന്നിലേക്ക് പോകുന്നതിനിടെയാണ് പിന്നിലെ വാതില്‍ പാതി തുറന്ന നിലയില്‍ കണ്ടത്. വീട് പരിശോധിച്ചപ്പോള്‍ മോഷണം നടന്നതായി മനസിലായി. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് ജോണ്‍ പറഞ്ഞു.

കരിങ്കുന്നം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികളെടുത്തു. ഞായറാഴ്ച രാവിലെ വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡുമെത്തി തെളിവെടുത്തു. വീടിന് വടക്കുവശത്തുള്ള റബ്ബര്‍ തോട്ടംവഴി ഓടിയ പോലീസ് നായ പ്രധാനറോഡിലെത്തി നിന്നു. ഇവിടെ നിന്നും മോഷ്ടാക്കള്‍ വാഹനത്തില്‍ രക്ഷപെട്ടിരിക്കാമെന്നാണ് കരുതുന്നത്. വീടിന് പുറത്തുനിന്നും ഒരു ഹാന്‍ഡ് കര്‍ച്ചീഫും അടുക്കളവാതില്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന പിക്കാസും കണ്ടെടുത്തു. കര്‍ച്ചീഫ് തങ്ങളുടേതല്ലെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. സിഐ കെ.ആര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങി.

Related Articles

Back to top button
error: Content is protected !!