ChuttuvattomThodupuzha

വന്യജീവി ആക്രമണം: കേന്ദ്രം നല്‍കുന്ന പണം സംസ്ഥാനം ചെലവഴിക്കുന്നില്ലെന്ന് കെ.സുരേന്ദ്രന്‍

തൊടുപുഴ : സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമാകുമ്പോഴും ഇതു തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണംപോലും ഇവിടെ ചെലവഴിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കേരളപദയാത്രയുടെ ജില്ലാ തല പര്യടനത്തോടനുബന്ധിച്ച് തൊടുപുഴയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. വനം-പരിസ്ഥിതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ മാറ്റം വരുത്തിയിട്ടും ഇവിടെ അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

കസ്തൂരിരംഗന്‍,ബഫര്‍സോണ്‍ വിഷയങ്ങളില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ സീറ്റ് പാര്‍ട്ടി ഏറ്റെടുക്കും. ഇതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന പരാതിയില്‍ കഴമ്പില്ല. കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ഗൃഹപാഠവും നടത്തുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. എംപിമാര്‍, ജനപ്രതിനിധികള്‍, വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

മോദിസര്‍ക്കാര്‍ അതിവേഗം കുതിക്കുകയാണ്. സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ ധനസഹായം ലഭ്യമായത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയാണ്. അടിസ്ഥാന സൗകര്യവികസനത്തിനായി കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്തേക്ക് ഒഴുകിയത്. കിഫ്ബിയുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം ശരിയായി നടന്നാല്‍ മുന്‍ മന്ത്രി തോമസ് ഐസക്ക് കുടുങ്ങുമെന്നുറപ്പുള്ളതിനാലാണ് അദ്ദേഹം ചോദ്യം ചെയ്യലില്‍ നിന്നു ഒഴിവാകാന്‍ ശ്രമിക്കുന്നത്. ഭൂ പരിഷ്‌കരണ ചട്ടഭേദഗതിയിലൂടെ ക്രമവല്‍ക്കരണത്തിന് കോപ്പുകൂട്ടുന്നത് വന്‍ കൊള്ള ലക്ഷ്യമിട്ടാണ്. സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!