ChuttuvattomThodupuzha

കാഞ്ഞാറില്‍ മലങ്കര ജലാശയത്തിലേക്ക് മാലിന്യം തള്ളുന്നു

കാഞ്ഞാര്‍ : മഹാദേവ – സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപം മലങ്കര ജലാശയത്തിലേക്ക് മാലിന്യം തള്ളിയ നിലയില്‍. ക്ഷേത്രത്തിന് സമീപമുള്ള കടവിനോട് ചേര്‍ന്നാണ് മാലിന്യങ്ങള്‍ തള്ളിയിട്ടുള്ളത്. രാത്രിയുടെ മറവില്‍ വാഹനത്തിലെത്തിയാണ് സാമൂഹ്യ വിരുദ്ധര്‍ ഇവിടെ മാലിന്യം തള്ളുന്നത്. ഇതിന് മുമ്പും ക്ഷേത്രത്തിന് സമീപം മാലിന്യം തള്ളിയിരുന്നു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് പിന്നീട് ഇത് നിലച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം വീണ്ടും സാമൂഹിക വിരുദ്ധര്‍ മാലിന്യം തള്ളുകയാണിവിടെ. ജലാശയത്തിനരികെ ഇട്ടിരിക്കുന്ന മാലിന്യം മഴയത്ത് ജലാശയത്തിലേക്ക് ഒലിച്ചിറങ്ങുകയാണ്. രാത്രിയായാല്‍ ക്ഷേത്ര പരിസരം വിജനമാണ്. ഇത് പ്രയോജനപ്പെടുത്തിയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. രാത്രിയുടെ മറവില്‍ സുരക്ഷിതമായി മാലിന്യം തള്ളുവാനുള്ള സ്ഥലമായിട്ടാണ് പലരും പ്രദേശത്തെ കാണുന്നത്.വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യമാണ് വലിയ തോതില്‍ ഇവിടെയിട്ടിരിക്കുന്നത്. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും വേണ്ട വിധം വിഷയത്തില്‍ ഇടപെടുന്നില്ലായെന്ന ആക്ഷേപം ഉയരുന്നുണ്ട്. നിരവധി പേര്‍ കുളിക്കാനും, മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ജലസംഭരണിയിലേക്കാണ് വിവിധ തരത്തിലുള്ള മാലിന്യം ഇട്ടിരിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ ക്ഷേത്രത്തിന് സമീപം മാലിന്യം കൊണ്ടുവന്ന് ഇടുന്നവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

Related Articles

Back to top button
error: Content is protected !!