Kerala

ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു ; വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെ അവധി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രില്‍ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കി.

വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തില്‍ മദ്യ നിരോധനവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതല്‍ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂര്‍) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല.

 

 

 

 

Related Articles

Back to top button
error: Content is protected !!