Local LiveVannappuram

മാലിന്യങ്ങള്‍ അഴുകി ജലസ്രോതസ്സിലേക്ക് എത്തി, പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു ; നടപടി സ്വീകരിക്കാതെ അധികൃതര്‍

വണ്ണപ്പുറം : പഞ്ചായത്തിലെ കമ്പകക്കാനം, മുണ്ടന്‍മുടി മേഖലയില്‍ ഡെങ്കിപ്പനി പടരുമ്പോഴും പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പാതയോരത്ത് തള്ളുന്ന മാലിന്യങ്ങള്‍ അഴുകി ജലസ്രോതസിലേക്ക് എത്തുന്നതാണ് രോഗം പടരാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആലപ്പുഴ – മധുര സംസ്ഥാനപാതയുടെ ഭാഗമായ മുണ്ടന്‍മുടി കമ്പകക്കാനം കള്ളിപ്പാറ മേഖലയിലാണ് രാത്രി കാലങ്ങളില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നത്. കോതമംഗലം, എറണാകുളം, പെരുമ്പാവൂര്‍ മേഖലയില്‍ നിന്നും രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്നിടുന്ന മാലിന്യങ്ങള്‍ വേനല്‍ മഴ പെയ്തതോടെ അഴുകി ജനവാസ മേഖലയിലേക്കും കുടിവെള്ള സ്രോതസുകളിലേക്കും ഒഴുകി എത്തുകയാണ്.

പലയിടത്തും കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതു മൂലം പ്രദേശത്ത് രോഗങ്ങളും പിടിപെട്ടു. നിരവധി പേര്‍ ഇതിനോടകം പനിയും വയറിളക്കവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് വണ്ണപ്പുറം ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പ്രദേശത്ത് നിരവധി പേര്‍ക്ക് ഇതിനോടകം ഡെങ്കിപ്പനി ബാധിച്ചു. ഒരു കുടുംബത്തിലെ തന്നെ രണ്ടുപേര്‍ മണിക്കൂറുകള്‍ക്കിടെ മരണമടയുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ സ്ഥിതിഗതികള്‍ ഇത്ര രൂക്ഷമായിട്ടും വണ്ണപ്പുറം പഞ്ചായത്തും ആരോഗ്യ വകുപ്പും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പുറമെ നിന്നും മാലിന്യങ്ങള്‍ വാഹനങ്ങളില്‍ എത്തിച്ച് പാതയോരത്ത് തള്ളുന്നവരെ കണ്ടെത്തുവാനോ ശാശ്വതമായ നടപടി സ്വീകരിക്കുവാനോ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവാത്തതു മൂലം കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍.

 

Related Articles

Back to top button
error: Content is protected !!