ChuttuvattomThodupuzha

തൊടുപുഴയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായി, ഒമ്പത് പേര്‍ ലിഫ്റ്റില്‍ കുടുങ്ങി

തൊടുപുഴ : വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ ഒമ്പത് പേര്‍ അരമണിക്കൂറോളം കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്ഷനിലെ യുകെ സ്റ്റോര്‍ എന്ന സ്ഥാപനത്തിലാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. മൂന്നാം നിലയില്‍ നിന്ന് ഗ്രൗണ്ട് ഫ്‌ളോറിലേക്ക് വരുന്നതിനിടെ ഒന്നും രണ്ടും നിലയ്ക്കിടയിലാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. നാല് സ്ത്രീകളും സ്ഥാപനത്തിലെ ജീവനക്കാരനും ഉള്‍പ്പെടെയാണ് ലിഫ്റ്റിലുണ്ടായിരുന്നത്. ലിഫ്റ്റിനുള്ളിലെ ഫാനും നിലച്ചതോടെ ഇരുട്ടില്‍ ശ്വാസം മുട്ടുന്ന സ്ഥിതിയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിയ ഒരാളാണ് അഗ്നിരക്ഷാസേനയെ വിളിച്ചത്.

അഗ്നിരക്ഷാസേനയെത്തി ഓപ്പറേറ്റിംഗ് ലിവര്‍ ഉപയോഗിച്ച് ആദ്യം തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ലിഫ്റ്റ് കീ ഉപയോഗിച്ച് ശ്രമിച്ചെങ്കിലും പൂര്‍ണമായി തുറക്കാനായില്ല. തുറന്ന ചെറിയ വിടവിലൂടെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്‍ ലിഫ്റ്റിന്റെ ഉള്ളില്‍ ഇറങ്ങിയാണ് ആളുകളെ പുറത്തെത്തിച്ചത്. ലിഫ്റ്റില്‍ കുടുങ്ങിയ ഒരാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കി. രക്ഷാ പ്രവര്‍ത്തനത്തിനിടെ അഗ്നിരക്ഷാസേനാംഗത്തിന്റെ കൈക്ക് മുറിവുമേറ്റു. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!