Idukkipolitics

ജോയ്‌സ് ജോര്‍ജ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും : എല്‍ഡിഎഫ്

ഇടുക്കി : മണ്ഡലത്തിലെ ജനങ്ങള്‍ക്കും നാടിനുംവേണ്ടി പ്രവര്‍ത്തിച്ച് മികവുതെളിയിച്ച ജോയ്‌സ് ജോര്‍ജിനൊപ്പമാണ് വോട്ടര്‍മാരെന്നും ഇത്തവണ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എല്‍ഡിഎഫ് ഇടുക്കി ലോക്‌സഭാ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഭൂ പ്രശ്‌നങ്ങളടക്കം അഭിമുഖീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങളുടെ നിലനില്‍പ്പിനും സര്‍വതല വികസനത്തിനും എല്‍ഡിഎഫ് വിജയം അനിവാര്യമാണെന്ന് എല്ലാവരും മനസ്സിലാക്കുന്നു. മാത്രമല്ല ഭരണഘടനയും ബഹുസ്വരതയും സംരക്ഷിച്ച് ഇന്ത്യയായി നിലനില്‍ക്കാന്‍ ഇടതുപക്ഷം വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യഘട്ടം മുതല്‍ ചിട്ടയായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബഹുദൂരം മുമ്പിലാകുേമ്പാള്‍ വന്‍ സ്വീകാര്യത ജോയ്‌സിന് നേടാനായി. പരിചയപ്പെടുത്തലുകള്‍ ആവശ്യമായി വന്നില്ല.

കര്‍ഷക പ്രശ്‌നങ്ങളിലടക്കം ഇടപ്പെട്ട് കോടതികളില്‍ അഭിഭാഷകനായും പ്രവര്‍ത്തിച്ച തഴക്കമുള്ള ജോയ്‌സിന്റെ വ്യക്തിപരമായ മികവും ചര്‍ച്ചയായിട്ടുണ്ട്. എം.പിയായിരുന്നപ്പോള്‍ നാടിനും ജനതയ്ക്കുമായി 4750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലെത്തിക്കാന്‍ ജോയ്‌സിന് കഴിഞ്ഞിരുന്നു. ജില്ല നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലും ക്രിയാത്മകമായി ഇടപെടാനും കഴിഞ്ഞു. ബഫര്‍ സോണ്‍, വന്യജീവി ആക്രമണം, പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിലുള്ള ഗൂഢ നീക്കങ്ങള്‍, സി.എച്ച്.ആര്‍ പ്രശ്‌നങ്ങള്‍, പട്ടയ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം എടുത്ത നിലപാടുകള്‍ ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. ഇടുക്കിയുടെ കാവല്‍ക്കാരനായി ഡല്‍ഹിയില്‍ ഉണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പഠിച്ചും ഗൃഹപാഠം ചെയ്തും വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്. ആ മികവ് ജനങ്ങള്‍ അംഗീകരിക്കുന്നു. അതോടൊപ്പം മതേതരത്വവും ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ഇടതുപക്ഷം ഉയര്‍ത്തിയ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് വലിയ പിന്തുണയുണ്ട്.

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ വനവിസ്തൃതി വര്‍ദ്ധിപ്പിക്കണമെന്നുള്ള നിര്‍ദേശം ജനവിരുദ്ധമാണെന്നും അവര്‍ പിന്തുടരുന്ന കര്‍ഷകര്‍ക്കെതിരായ നിലപാടുകളുടെ ഭാഗമായാണെന്നും വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഒരിഞ്ച് ഭൂമിപോലും വനമാക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫിന്റെയും ജോയ്‌സ് ജോര്‍ജിന്റെയും നിലപാടിന് വലിയ ജനപിന്തുണയുണ്ട്. മത്സരിച്ച കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വന്‍ ജനക്കൂട്ടമാണ്. കഴിഞ്ഞ തവണത്തെ പിഴവ് തിരുത്തുമെന്ന് വോട്ടര്‍മാര്‍ തന്നെ സ്ഥാനാര്‍ത്ഥിയോട് നേരിട്ട് പറയുന്ന സ്ഥിതി. എല്ലായിടത്തും എല്‍ഡിഎഫിനും സ്ഥാനാര്‍ത്ഥിക്കും വലിയ സ്വീകാര്യത ലഭിച്ചു. ഡീന്‍ കുര്യാക്കോസിന്റെ കാലഘട്ടം ഇടുക്കിയുടെ ഇരുണ്ട കാലഘട്ടമായിരുന്നു. നാട് വികസനം ആഗ്രഹിക്കുമ്പോള്‍ എം.പി ഫണ്ടില്‍ മുന്തിയ പങ്ക് ചെലവഴിച്ചില്ല. വികസന മുരടിപ്പല്ലാതെ കാര്യമായ ഒരു പ്രവര്‍ത്തനങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷം ഉണ്ടായിട്ടില്ല. കേന്ദ്ര പദ്ധതികളും കൊണ്ടുവന്നിട്ടില്ല. ദേശീയ പാത വികസനം ഉള്‍പ്പെടെ റോഡുകളുടെ തുടര്‍ പുരോഗതി അട്ടിമറിച്ചു. ടൂറിസം, വിദ്യാഭ്യാസ, ജനക്ഷേമ പദ്ധതികളില്ല. ജനങ്ങളെല്ലാം ഇവ ചര്‍ച്ച ചെയ്തു.

ജോയ്‌സ് ജോര്‍ജിന് പിന്തുണ നല്‍കാന്‍ ജനം തീരുമാനമെടുത്തുകഴിഞ്ഞു. വലിയ ഭൂരിപക്ഷത്തില്‍ ജോയ്‌സ് വിജയിച്ച് 2014 ആവര്‍ത്തിക്കും. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളു, ഇടുക്കിയുള്ളൂ എന്നതാണ് പൊതുവികാരമെന്നും മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സി.വി. വര്‍ഗീസ്, എസ്. സതീഷ്, കെ. സലിംകുമാര്‍, ജോസ് പാലത്തിനാല്‍, കെ.കെ. ശിവരാമന്‍ എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!