Vannappuram

വയോധികന്റെ മരണം : പോലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞ വീട്ടമ്മയെ വിട്ടയച്ചു

വണ്ണപ്പുറം : വഴിത്തര്‍ക്കത്തിനിടെയുണ്ടായ പിടിവിലിക്കിടയില്‍ താഴെ വീണ് വയോധികന്‍ മരിച്ച സംഭവത്തില്‍ പോലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞ വീട്ടമ്മയെ മകള്‍ക്കൊപ്പം വിട്ടയച്ചു. മുള്ളരിങ്ങാട് മമ്പാറ പോങ്ങംകോളനി പുത്തന്‍പുരയ്ക്കല്‍ സുരേന്ദ്രന്‍ (73) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കേസില്‍ പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞ കല്ലുങ്കല്‍ ദേവകി (60)യെ ആണ് വിട്ടയച്ചത്. കഴിഞ്ഞ 10ന് രാവിലെ ചായക്കടയില്‍ പോയി ഭക്ഷണം കഴിച്ച് ഓട്ടോയ്ക്ക് തിരികെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് സുരേന്ദ്രനും അയല്‍വാസിയായ ദേവകിയുമായി വഴിയെച്ചൊല്ലി വാക്കേറ്റമുണ്ടായത്.

ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടയില്‍ സുരേന്ദ്രന്‍ താഴെ വീഴുകയായിരുന്നു. ദേവകിയും നിലത്തു വീണെങ്കിലും ഇവര്‍ പിന്നീട് എഴുന്നേറ്റു പോയി. രണ്ട് മണിക്കൂറോളം സുരേന്ദ്രന്‍ റോഡില്‍ കിടന്നു. പിന്നീട് അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു സ്ഥലത്തെത്തി പോലീസിനെ വിളിച്ച് ആംബുലന്‍സ് എത്തിച്ചാണ് സുരേന്ദ്രനെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും സുരേന്ദ്രന്‍ മരിച്ചിരുന്നു. തുടര്‍ന്ന് കാളിയാര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയില്‍ ദേവകി പോലീസ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ മരണം സൂര്യാതാപം മൂലമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ദേവകിയെ വിട്ടയച്ചത്.

 

 

 

Related Articles

Back to top button
error: Content is protected !!