Local LiveVannappuram

അവധി ദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കുന്നു ; ദുരിതത്തിലായി ജനങ്ങള്‍

വണ്ണപ്പുറം : മലയോര ഗ്രാമീണ മേഖലയായ വണ്ണപ്പുറം – തൊമ്മന്‍കുത്ത് – കരിമണ്ണൂര്‍ റൂട്ടിലൂടെ അവധി ദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കുന്നതായി പരാതി. തൊടുപുഴ, കരിമണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാനായി നാട്ടുകാരുടെ പ്രധാന ആശ്രയം സ്വകാര്യ ബസുകളാണ്. ഏഴ് സ്വകാര്യ ബസുകളാണ് വണ്ണപ്പുറം – തൊമ്മന്‍കുത്ത് – കരിമണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നില്ല. അതിനാല്‍ തന്നെ സ്വകാര്യ ബസുകള്‍ മാത്രമാണ് പ്രദേശവാസികളായ നൂറ് കണക്കിനാളുകളുടെ ആശ്രയം. അവധി ദിവസങ്ങളില്‍ വണ്ണപ്പുറം – തൊമ്മന്‍കുത്ത് – കരിമണ്ണൂര്‍ പ്രദേശവാസികള്‍ യാത്ര ചെയ്യണ്ട എന്നു തീരുമാനമെടുത്തപോലെയാണ് സ്വകാര്യ ബസ് ഉടമകള്‍ പെരുമാറുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

എല്ലാ അവധി ദിനങ്ങളിലും ഏതെങ്കിലും ഒരു ബസ് മാത്രമാണ് ഇതുവഴി സര്‍വീസ് നടത്തുക. അതിനാല്‍ അവധി ദിവസങ്ങളില്‍ പലപ്പോഴും ജനങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. പലപ്പോഴും സ്വകാര്യ വാഹനങ്ങളേയും ടാക്‌സികളെയും ആശ്രയിക്കേണ്ട സാഹചര്യമാണെന്നും സ്വകാര്യ ബസുടമകള്‍ സംഘം ചേര്‍ന്ന് തീരുമാനം എടുത്താണ് അവധി ദിവസങ്ങളില്‍ ട്രിപ്പുകള്‍ മുടക്കുകയും പൂര്‍ണമായി സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. തങ്ങളുടെ യാത്രാദുരിതം സൂചിപ്പിച്ച് പല തവണ ഇടുക്കി ആര്‍.ടി.ഒ ഓഫീസില്‍ വിളിച്ച് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ച്ചയായി നിയമ ലംഘനം നടന്നിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

Related Articles

Back to top button
error: Content is protected !!