ChuttuvattomThodupuzha

പര്യടനത്തിന് കൊടിയിറങ്ങി ; ഇന്ന് നിശബ്ദപ്രചാരണം

തൊടുപുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു പര്യടനം പൂര്‍ത്തിയാക്കി മുന്നണി സ്ഥാനാര്‍ത്ഥികള്‍. വിജയപ്രതീക്ഷ പങ്കുവച്ചാണ് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടു മാസത്തോളം നീണ്ടു നിന്ന പര്യടനം അവസാനിപ്പിച്ചത്. ഇതിനോടകംതന്നെ എല്ലാ നിയോജക മണ്ഡലങ്ങളിലും രണ്ടു വട്ടം പര്യടനമെങ്കിലും സ്ഥാനാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കി. പരമാവധി വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു പ്രവര്‍ത്തകരും.

കനത്ത ചൂടിനെ വകവയ്ക്കാതെ വാശിയോടെയുള്ള പ്രചാരണത്തിനാണ് ജില്ലാ സാക്ഷ്യം വഹിച്ചത്. പരസ്യപ്രചാരണമില്ലാത്ത ഇന്ന് സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലായിരിക്കും. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ അവസാന വട്ട പൊതു പര്യടനം. ചപ്പാത്ത്, മാട്ടുക്കട്ട, വെള്ളിലാംകണ്ടം, കിഴക്കേ മാട്ടുക്കട്ട, കോഴിമല, സ്വരാജ്, ലബ്ബക്കട, കല്‍ത്തൊട്ടി, കാഞ്ചിയാര്‍ പള്ളിക്കവല എന്നിവിടങ്ങളിലാണ് ഡീന്‍ ഇന്നലെ പര്യടനം നടത്തിയത്. രാവിലെ യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കട്ടപ്പനയില്‍ റോഡ് ഷോയിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ഉച്ച കഴിഞ്ഞ് കോതമംഗലത്ത് നടന്ന റോഡ്‌ഷോയിലും മൂവാറ്റുപുഴയിലും തൊടുപുഴയിലും നടന്ന കൊട്ടിക്കലാശത്തിലും പങ്കെടുത്തു.

രാവിലെ അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ പര്യടനം. രാവിലെ മുതല്‍ നിരവധിയാളുകള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തുനിന്നിരുന്നു. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ചെറുതോണിയില്‍ നടന്ന റോഡ്‌ഷോയില്‍ പങ്കെടുത്തു. പിന്നീട് തങ്കമണി, ഇരട്ടയാര്‍ എന്നിവിടങ്ങളില്‍ നടന്ന സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് കട്ടപ്പനയില്‍ നടന്ന ആവേശകരമായ കൊട്ടിക്കലാശത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍ ഇന്നലെ പഴയരിക്കണ്ടത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ഇടുക്കി എസ്എന്‍ഡിപി യൂണിയന്‍ ഓഫീസും സന്ദര്‍ശിച്ചു. നെടുങ്കണ്ടത്ത് നടന്ന കൊട്ടിക്കലാശം മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴയില്‍ പ്രവര്‍ത്തകര്‍ നടത്തിയ കൊട്ടിക്കലാശത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!